ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്
|തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച വിവരം നല്കാന് സര്‍ക്കാരിനോട് മദ്രാസ് ഹൈക്കോടതി
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്നും അവര്‍ ഡോക്ടര്‍മാരുടെ സൂക്ഷ്മ നിരീക്ഷണത്തിലാണെന്നും ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ ബുള്ളറ്റിന്.
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച വിവരം നല്കാന് സര്‍ക്കാരിനോട് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും സംസ്ഥാനത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെക്കുറിച്ചും കേന്ദ്രസര്‍ക്കാറും ഗവര്‍ണറോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ജയലളിത ഉപകരണങ്ങളുടെ സഹായത്തോടെയാണ് ശ്വസിക്കുന്നതെന്നായാിരുന്നു ആശുപത്രിയില്‍ നിന്നുള്ള ഏറ്റവും ഒടുവിലെ വിവരം.
ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട് പതിനൊന്ന് ദിവസം പിന്നിട്ടിട്ടും മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സര്‍ക്കാറില്‍ നിന്ന് ഔദ്യോഗികമായി ഒരു വിവരവും പുറത്തുവരാത്ത സാഹചര്യത്തിലാണ് മദ്രാസ് ഹൈക്കോടതിയുടെ ഇടപെടല്‍. മുഖ്യമന്ത്രിയുടെ ആരോഗ്യനില അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. നാളെക്കകം ആരോഗ്യവിവരം കോടതിയെ അറിയിക്കണം. ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിന് ഇറക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന് വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യവിവരങ്ങള്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ട് ട്രാഫിക് രാമസ്വാമിയെന്ന പൊതുപ്രവര്‍ത്തകന്റെ പൊതുതാല്പര്യ ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.
മുഖ്യമന്ത്രിയുടെ ആശുപത്രിവാസം നീളുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ഭരണം എങ്ങനെ മുന്നോട്ടുപോകുന്നുവെന്നാണ് കേന്ദ്രം ഗവര്‍ണറോട് ആരാഞ്ഞത്. ഇന്ന് തന്നെ ഗവര്‍ണര്‍ റിപ്പോര്‍ട്ട് നല്‍കിയേക്കുമെന്നാണ് സൂചന. ജയലളിത ഉപകരണങ്ങളുടെ സഹായത്തോടെയാണ് ശ്വാസോച്ഛാസം കഴിക്കുന്നതെന്ന് ഇന്നലെ രാത്രി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ ആശുപത്രി സ്ഥിരീകരിച്ചു. അണുബാധ നീക്കുന്നതിനുള്ള ആന്റി ബയോട്ടിക്കുകളും നല്കി വരുന്നതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
കോടതി നിര്‍ദേശത്തോടെ ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച യഥാര്‍ഥ വസ്തുത പുറത്തുവരുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അമ്മക്ക് ഒന്നും സംഭവിക്കില്ലെന്നും പൂര്‍ണആരോഗ്യത്തോടെ തിരിച്ചുവരുമെന്നുമുള്ള ആത്മവിശ്വാസത്തോടെ എ ഐ ഡി എം കെ അണികളും കാത്തിരിക്കുന്നു.