India
സെന്‍സര്‍ ബോര്‍ഡിനും കേന്ദ്രത്തിനും സുപ്രീംകോടതിയുടെ നോട്ടീസ്സെന്‍സര്‍ ബോര്‍ഡിനും കേന്ദ്രത്തിനും സുപ്രീംകോടതിയുടെ നോട്ടീസ്
India

സെന്‍സര്‍ ബോര്‍ഡിനും കേന്ദ്രത്തിനും സുപ്രീംകോടതിയുടെ നോട്ടീസ്

Sithara
|
8 April 2018 10:39 AM GMT

സിനിമാ സെന്‍സറിംഗില്‍ ഇളവുകള്‍ ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹരജിയില്‍ കേന്ദ്ര സര്‍ക്കാരിനും സെന്‍സര്‍ ബോര്‍ഡിനും സുപ്രീംകോടതി നോട്ടീസയച്ചു

സിനിമാ സെന്‍സറിംഗില്‍ ഇളവുകള്‍ ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹരജിയില്‍ കേന്ദ്ര സര്‍ക്കാരിനും സെന്‍സര്‍ ബോര്‍ഡിനും സുപ്രീംകോടതി നോട്ടീസയച്ചു. നിലവിലെ സെന്‍സര്‍ ചട്ടങ്ങളില്‍ കാലോചിത മാറ്റങ്ങള്‍ കൊണ്ടുവരണമെന്നും ഇക്കാര്യത്തില്‍ ശ്യാം ബെനഗല്‍ സമര്‍പ്പിച്ച ശിപാര്‍ശകള്‍ നടപ്പിലാക്കണമെന്നും നടന്‍ അമോല്‍ പലേക്കര്‍ സമര്‍പ്പിച്ച ഹരജിയില്‍ ആവശ്യപ്പെടുന്നു.

തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിന് മുമ്പ് സിനിമകള്‍ സെന്‍സര്‍ ചെയ്യുന്നത് ഇന്‍റര്‍നെറ്റും സാമൂഹ്യ മാധ്യമങ്ങളും ശക്തി പ്രാപിച്ച ഇക്കാലത്ത് അനാവശ്യമാണെന്നാണ് നടന്‍ അമോല്‍ പാല്‍ക്കര്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നത്. ടെലിവിഷനിലും ഇന്‍റര്‍നെറ്റുകളിലും വരുന്ന ഉള്ളടക്കങ്ങള്‍ക്ക് യാതൊരു നിയന്ത്രണങ്ങളും സെന്‍സറിംഗും ഇല്ല. ഈ സാഹചര്യത്തില്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ക്ക് മാത്രം സെന്‍സറിംഗ് ഏര്‍പ്പെടുത്തുന്നത് തുല്യ നീതിയുടെ ലംഘനമാണ്. സെന്‍സറിംഗ് നിര്‍ബന്ധമാക്കി സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ച എഴുപതുകളില്‍ നിന്നും സാഹര്യങ്ങള്‍ ഏറെ മാറിയെന്നും അതിനാല്‍ സിനിമോട്ടഗ്രഫി ആക്ടിലെ പല വ്യവസ്ഥകളിലും മാറ്റം വരുത്തേണ്ട സമയം അതിക്രമിച്ചുവെന്നും ഹരജിയില്‍ പറയുന്നു.

സെന്‍സര്‍ ബോര്‍ഡില്‍ നിയമ രംഗത്ത് നിന്നുള്ള അംഗത്തിന്‍റെ അഭാവം, സിനിമാ നിര്‍മ്മാതാക്കളുടെ മൌലികാവകാശങ്ങളും അഭിപ്രായ സ്വതന്ത്ര്യവും ലംഘിക്കുന്നതിന് കാരണമാകുന്നുണ്ട്. അതിനാല്‍ ശ്യാം ബെനഗല്‍ സമര്‍പ്പിച്ച ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ സെന്‍സര്‍ ചട്ടങ്ങള്‍ അഴിച്ച് പണിയണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. ഹരജി പരിഗണിച്ച ജസ്റ്റിസുമാരായ എ കെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്രത്തിനും സെന്‍സര്‍ ബോര്‍ഡിനും നോട്ടീസയച്ചത്.

Related Tags :
Similar Posts