India
അഗസ്ത വെസ്റ്റ് ലാന്‍ഡ്  ഇടപാട്: അഴിമതിക്ക് തെളിവുണ്ടെന്ന് ഇറ്റാലിയന്‍ കോടതിഅഗസ്ത വെസ്റ്റ് ലാന്‍ഡ് ഇടപാട്: അഴിമതിക്ക് തെളിവുണ്ടെന്ന് ഇറ്റാലിയന്‍ കോടതി
India

അഗസ്ത വെസ്റ്റ് ലാന്‍ഡ് ഇടപാട്: അഴിമതിക്ക് തെളിവുണ്ടെന്ന് ഇറ്റാലിയന്‍ കോടതി

admin
|
8 April 2018 11:41 PM GMT

അഗസ്ത വെസ്റ്റ് ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടില്‍ അഴിമതി നടന്നതിന് തെളിവുണ്ടെന്ന് ഇറ്റാലിയന്‍ കോടതി

അഗസ്ത വെസ്റ്റ് ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടില്‍ അഴിമതി നടന്നതിന് തെളിവുണ്ടെന്ന് ഇറ്റാലിയന്‍ കോടതി. 15 ദശലക്ഷത്തോളം ഡോളറില്‍ ഒരു പങ്ക് ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും വ്യോമസേനാ മുന്‍ മേധാവി എസ് പി ത്യാഗിയ്ക്ക് ഇടപാടില്‍ പങ്കുണ്ടെന്നും മിലാന്‍ അപ്പീല്‍ കോടതി ഉത്തരവില്‍ പറയുന്നു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇക്കാര്യത്തില്‍ ആവശ്യമായ നടപടിയെടുത്തിട്ടുണ്ടെന്നും ബാക്കി കാര്യങ്ങളില്‍ സി‌ബിഐ അന്വേഷണം നടക്കട്ടെയെന്നും മുന്‍ പ്രതിരോധമന്ത്രി എ കെ ആന്റണി പ്രതികരിച്ചു.

ഇന്ത്യയിലെ ഹൈക്കോടതി നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന ഇറ്റലിയിലെ മിലാന്‍ അപ്പീല്‍ കോടതിയാണ് അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടില്‍ മുന്‍ കരസേനാ മേധാവി എസ് പി ത്യാഗിയ്ക്ക് പങ്കുണ്ടെന്നതിന് വ്യക്തമായ തെളിവുണ്ടെന്ന് ഉത്തരവില്‍ പരാമര്‍ശിച്ചിരിക്കുന്നത്. അഗസ്റ്റ വെസ്റ്റ് ലാന്‍ഡിന് വിവിഐപി ഹെലികോപ്ടറുകളുടെ കരാര്‍ നല്‍കിയതിന് ഇന്ത്യയിലെ ഉദ്യോസ്ഥര്‍ക്ക് പ്രതിഫലം ലഭിച്ചിട്ടുണ്ടെന്ന് ഏപ്രില്‍ 8ന് കോടതി പറഞ്ഞിരുന്നു. ഇന്ത്യയിലേക്ക് നല്‍കിയ അഴിമതിപ്പണം മുഴുവനായോ അല്ലെങ്കില്‍ അതിന്റെ ഒരു ഭാഗമോ എസ് പി ത്യാഗിയിലേയ്ക്കാണ് എത്തിയതെന്നതിന് വ്യക്തമായ തെളിവുണ്ടെന്നാണ് കോടതി ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്.

10 മുതല്‍ 15 ദശലക്ഷം വരെ ഡോളറിന്റെ ക്രമക്കേട് നടന്നിട്ടുണ്ടെന്നും 225 പേജുള്ള കോടതി ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്. എസ് പി ത്യാഗിയുടെ കുടുംബത്തില്‍പ്പെട്ട മൂന്ന് പേര്‍ക്ക് പണമായും ഓണ്‍ലൈന്‍ കൈമാറ്റം വഴിയും അഴിമതിപ്പണം എത്തിച്ചുവെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ത്യാഗിയുടെ പങ്ക് മറച്ചുവെയ്ക്കാനും തെളിവുകള്‍ നശിപ്പിയ്ക്കാനും ശ്രമം നടന്നിട്ടുണ്ടെന്ന് ചോര്‍ത്തിയ ടെലഫോണ്‍ സംഭാഷണങ്ങള്‍ ഉദ്ധരിച്ച് കോടതി പറഞ്ഞു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് പണം തിരിച്ചു പിടിയ്ക്കാനുള്ള നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് മുന്‍ പ്രതിരോധമന്ത്രി എ കെ ആന്റണി കോടതി ഉത്തരവിനോട് പ്രതികരിയ്ക്കവെ പറഞ്ഞു. മറ്റു കാര്യങ്ങള്‍ സിബിഐ അന്വേഷിക്കട്ടെയെന്നും ആന്റണി പ്രതികരിച്ചു.

Related Tags :
Similar Posts