India
ഹരിത ഫണ്ട് ഉപയോഗിച്ച് ബസ്സ് വാങ്ങാന്‍ ഡല്‍ഹി സര്‍ക്കാര്‍ നീക്കം; ഹൈക്കോടതിക്ക് അതൃപ്തിഹരിത ഫണ്ട് ഉപയോഗിച്ച് ബസ്സ് വാങ്ങാന്‍ ഡല്‍ഹി സര്‍ക്കാര്‍ നീക്കം; ഹൈക്കോടതിക്ക് അതൃപ്തി
India

ഹരിത ഫണ്ട് ഉപയോഗിച്ച് ബസ്സ് വാങ്ങാന്‍ ഡല്‍ഹി സര്‍ക്കാര്‍ നീക്കം; ഹൈക്കോടതിക്ക് അതൃപ്തി

Sithara
|
8 April 2018 12:43 AM GMT

പരിസ്ഥിതി സംരക്ഷണത്തിനുള്ള ഫണ്ട് വകമാറ്റി ചെലവഴിക്കാനുള്ള നീക്കത്തില്‍ ഹൈക്കോടതി ഡല്‍ഹി സര്‍ക്കാരിനെ അതൃപ്തി അറിയിച്ചു.

ഹരിത ഫണ്ട് ഉപയോഗിച്ച് ബസ്സുകള്‍ വാങ്ങാനുള്ള ഡല്‍ഹി സര്‍ക്കാരിന്‍റെ നീക്കത്തിനെതിരെ ഡല്‍ഹി ഹൈക്കോടതി. പരിസ്ഥിതി സംരക്ഷണത്തിനുള്ള ഫണ്ട് വകമാറ്റി ചെലവഴിക്കാനുള്ള നീക്കത്തില്‍ ഹൈക്കോടതി ഡല്‍ഹി സര്‍ക്കാരിനെ അതൃപ്തി അറിയിച്ചു. ഒറ്റ, ഇരട്ട വാഹന നിയന്ത്രണ പദ്ധതി പൂര്‍ണരൂപത്തില്‍ നടപ്പിലാക്കാന്‍ ആവശ്യത്തിന് ബസ്സുകളില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ നേരത്തെ ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിച്ചിരുന്നു.

ഹരിത സെസ്സായി പിരിച്ചെടുത്ത 750 കോടിയിലേറെ രൂപയാണ് ഡല്‍ഹി സര്‍ക്കാരിന്‍റ പക്കല്‍ ചെലവാക്കാതെ കിടക്കുന്നത്. ഡല്‍ഹിയിലെ പരിസ്ഥിതി സംരക്ഷണത്തിന് ഉപയോഗിക്കാനായി സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് ഹരിത ഫണ്ട് രൂപീകരിച്ചത്. പൊതുഗതാഗത സംവിധാനത്തിന്‍റെ അപര്യാപ്തത ചൂണ്ടിക്കാട്ടി ഒറ്റ, ഇരട്ട പദ്ധതിയില്‍ നിന്ന് ഇരുചക്രവാഹനങ്ങളെ ഒഴിവാക്കാന്‍ അനുമതി തേടി ഡല്‍ഹി സര്‍ക്കാര്‍ ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. പുതിയ ബസ്സുകള്‍ വാങ്ങുന്നത് വരെ ഇരുചക്രവാഹനങ്ങളേയും സ്ത്രീകളുടെ വാഹനങ്ങളെയും ഒഴിവാക്കണമെന്നായിരുന്നു ആവശ്യം.

എന്നാല്‍ ഹരിത ഫണ്ട് ഉപയോഗിച്ച് പുതിയ 1000 ബസ്സുകള്‍ വാങ്ങാനുള്ള ഡല്‍ഹി സര്‍ക്കാരിന്‍റെ നീക്കത്തില്‍ പക്ഷെ ഡല്‍ഹി ഹൈക്കോടതി അതൃപ്തി അറിയിച്ചു. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി മാത്രമുള്ള ഫണ്ട് വകമാറ്റി ചെലവഴിക്കുന്നത് അനുവദിക്കാനാവില്ലെന്ന് വാക്കാല്‍ ഹൈക്കോടതി സര്‍ക്കാരിനെ അറിയിച്ചത്. സാധാരണഫണ്ട് ഉപയോഗിച്ച് വേണം ബസ്സുകള്‍ വാങ്ങേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു. അടുത്ത മാസം 14 ന് ഹര്‍ജി വീണ്ടും പരിഗണിക്കുമ്പോള്‍ ഇക്കാര്യത്തിലെ നിലപാട് അറിയിക്കാനും കോടതി നിര്‍ദേശിച്ചു.

Similar Posts