ഡല്‍ഹി ജലബോര്‍ഡ് വാട്ടര്‍ടാങ്കര്‍ അഴിമതി കെജ്രിവാളിനെയും ഷീല ദീക്ഷിതിനെയും ചോദ്യം ചെയ്യും
|ഷീല ദീക്ഷിത് മുഖ്യമന്ത്രിയായിരിക്കെ 400 കോടി രൂപയുടെ അഴിമതി നടന്നതായാണ് പ്രാഥമിക കണ്ടെത്തല്‍.
ഡല്‍ഹി ജല ബോര്‍ഡ് വാട്ടര്‍ ടാങ്കര്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിനെയും ഡല്‍ഹി അഴിമതി വിരുദ്ധ വിഭാഗം ചോദ്യം ചെയ്യും. സംഭവവുമായി ബന്ധപ്പെട്ട് അഴിമതി വിരുദ്ധ വിഭാഗം ഇന്നലെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഷീല ദീക്ഷിത് മുഖ്യമന്ത്രിയായിരിക്കെ 400 കോടി രൂപയുടെ അഴിമതി നടന്നതായാണ് പ്രാഥമിക കണ്ടെത്തല്‍.
ഡല്‍ഹി ജല ബോര്‍ഡ് വാട്ടര്‍ ടാങ്കര്‍ അഴിമതിയുമായി ബന്ധപ്പെട്ട് ഡല്‍ഹി ഫാക്ട് ഫൈന്‍ഡിങ് കമ്മിറ്റി ലെഫ്. ഗവര്‍ണര്‍ നജീബ് ജംഗിന് കൈമാറിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.റിപ്പോര്‍ട്ട് ലെഫ്. ഗവര്‍ണര്‍ അഴിമതി വിരുദ്ധ വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.
ഒപ്പം അന്വേഷണ റിപ്പോര്‍ട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പൂഴ്ത്തിവെച്ചെന്ന ബിജെപി നേതാവ് വിജേന്ദ്ര ഗുപ്തയുടെയും സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന ഡല്‍ഹി ജലമന്ത്രി കപില്‍ മിശ്രയുടെയും പരാതികള്‍ പരിഗണിച്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിട്ടുണ്ട്..
കുറ്റക്കാരെ എത്രയും പെട്ടെന്ന് ചോദ്യം ചെയ്യുമെന്ന് അഴിമതി വിരുദ്ധ വിഭാഗം മേധാവി എം. കെ മീണ പറഞ്ഞു.
20082012 കാലഘട്ടത്തില്‍ ഷീല ദീക്ഷിത് ഡല്‍ഹി മുഖ്യമന്ത്രിയായിരിക്കെ 385 വാട്ടര്‍ ടാങ്കറുകള്‍ ഡല്‍ഹി ജല ബോര്‍ഡിനായി വാങ്ങിയിരുന്നു. പദ്ധതിയില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും 400 കോടി രൂപയുടെ അഴിമതിയാണ് നടന്നിട്ടുള്ളതെന്നുമുള്ള ഡല്‍ഹി സര്‍ക്കാറിന്റെ കണ്ടത്തലിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്.
അതേസമയം അഴിമതി ആരോപണം തെറ്റാണെന്നും വാട്ടര്‍ ടാങ്കറുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ബിജെപി എംഎല്‍എമാരും നഗരകാര്യ നിര്‍വ്വഹണ അംഗങ്ങളും ചീഫ് എഞ്ചിനീയറുമടക്കമുള്ളവരുടെ അംഗീകാരത്തോടെയാണ് നടപ്പിലാക്കിയതെന്നുമാണ് ഷീല ദീക്ഷിതിന്റെ പ്രതികരണം.