India
തെരഞ്ഞെടുപ്പ് തന്ത്രത്തില്‍ ഉത്തര്‍പ്രദേശിലും പഞ്ചാബിലും തര്‍ക്കുംതെരഞ്ഞെടുപ്പ് തന്ത്രത്തില്‍ ഉത്തര്‍പ്രദേശിലും പഞ്ചാബിലും തര്‍ക്കും
India

തെരഞ്ഞെടുപ്പ് തന്ത്രത്തില്‍ ഉത്തര്‍പ്രദേശിലും പഞ്ചാബിലും തര്‍ക്കും

Khasida
|
9 April 2018 4:16 PM GMT

രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍

തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുന്നതിനായി രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ സേവനം ഉപയോഗപ്പെടുത്തുന്നതിനെതിരെ ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിനുള്ളില്‍ പ്രതിഷേധം പുകയുന്നു. സംസ്ഥാന നേതാക്കളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് പ്രശാന്ത് കിഷോറിന്റെ സേവനം കോണ്‍ഗ്രസ് അവസാനിപ്പിച്ചേക്കുമെന്നും ചില നേതാക്കള്‍ സൂചിപ്പിക്കുന്നു. പ്രിയങ്ക പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് എത്തുന്നതുമായി ബന്ധപ്പെട്ടാണ് പ്രധാന അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നത്.

ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുന്നതിനു മുന്‍പു തന്നെ രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റെ ഉപദേശങ്ങളനുസരിച്ച് മുന്നൊരുക്കങ്ങള്‍ നടത്താന്‍ കോണ്‍ഗ്രസ് ആരംഭിച്ചിരുന്നു.

പ്രിയങ്കയോ അതല്ലെങ്കില്‍ ബ്രാഹ്മണ വിഭാഗത്തില്‍ നിന്നുള്ള ആരെങ്കിലുമോ ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവണമെന്നായിരുന്ന പ്രശാന്ത് കിഷോറിന്റെ ആദ്യ നിര്‍ദേശങ്ങളിലൊന്ന്. അതിന്റെ കൂടി അടിസ്ഥാനത്തിലാണ് നേരത്തെ തന്നെ ഷീലാ ദീക്ഷിത്തിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. രാഹുല്‍ ഗാന്ധിയുമായി മികച്ച ബന്ധവും ധാരണയുമാണ് പ്രശാന്ത് കിഷോറിനുള്ളതെങ്കിലും ഉത്തര്‍പ്രദേശിലെ സംസ്ഥാന നേതാക്കളില്‍ വലിയൊരു വിഭാഗം പ്രശാന്ത് കിഷോറിന്റെ നിര്‍ദേശങ്ങളെ അംഗീകരിക്കുന്നില്ല.

പ്രിയങ്ക വ്യാപകമായി കോണ്‍ഗ്രസിന്റെ പ്രചാരണയോഗങ്ങളില്‍ പങ്കെടുക്കുകയും അക്രമണാത്മകമായ ശൈലിയില്‍ പ്രസംഗിക്കുകയും വേണമെന്നാണ് പ്രശാന്ത് കിഷോറിന്റെ നിര്‍ദേശം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ തയ്യാറാവാത്ത സംസ്ഥാന നേതാക്കള്‍ വിയോജിപ്പ് ദേശീയ നേതാക്കളെ അറിയിച്ചിട്ടുണ്ട്. മുലായം സിങ്ങ് യാദവുമായി പ്രശാന്ത് കിഷോര്‍ കൂടിക്കാഴ്ച നടത്തിയതിലും ഒരു വിഭാഗത്തിന് അതൃപ്തിയുണ്ടെന്നാണ് സൂചന.

പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങും പ്രശാന്ത് കിഷോറുമായി ചേര്‍ന്നു പോകാനാവില്ലെന്ന് ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

Related Tags :
Similar Posts