India
രണ്ട് ജനതാദള്‍ ഉണ്ട്; പിളര്‍പ്പിന്‍റെ സൂചന നല്‍കി ശരദ് യാദവ്രണ്ട് ജനതാദള്‍ ഉണ്ട്; പിളര്‍പ്പിന്‍റെ സൂചന നല്‍കി ശരദ് യാദവ്
India

രണ്ട് ജനതാദള്‍ ഉണ്ട്; പിളര്‍പ്പിന്‍റെ സൂചന നല്‍കി ശരദ് യാദവ്

Sithara
|
9 April 2018 4:32 PM GMT

ഒന്ന് സര്‍ക്കാരും മന്ത്രിമാരും അടങ്ങുന്ന വിഭാഗം. ജനങ്ങള്‍ അണിനിരക്കുന്ന രണ്ടാമത്തെ വിഭാഗമാണ് യഥാര്‍ഥ ജനതാദളെന്നും ശരദ് യാദവ്

ജനതാദള്‍ യുണൈറ്റഡ് പിളര്‍പ്പിലേക്കെന്ന സൂചന നല്‍കി ശരദ് യാദവിന്‍റെ ബിഹാര്‍ പര്യടനം. രണ്ട് തരം ജനതാദള്‍ ഉണ്ടെന്ന് പര്യടനത്തിനിടെ ശരദ് യാദവ് പറഞ്ഞു. ഒന്ന് സര്‍ക്കാരും മന്ത്രിമാരും അടങ്ങുന്ന വിഭാഗം. ജനങ്ങള്‍ അണിനിരക്കുന്ന രണ്ടാമത്തെ വിഭാഗമാണ് യഥാര്‍ഥ ജനതാദളെന്നും ശരദ് യാദവ് പറഞ്ഞു.

11 കോടി ജനങ്ങളുടെ വിശ്വാസമാണ് നിതീഷ് കുമാര്‍ തകര്‍ത്തതെന്ന് ശരദ് യാദവ് വിമര്‍ശിച്ചു. തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിനെയാണ് ജനങ്ങള്‍ വോട്ട് ചെയ്ത് വിജയിപ്പിച്ചത്. 5 വര്‍ഷം ഭരിക്കാന്‍ ജനങ്ങള്‍ വിധിയെഴുതിയത് ആ വിശ്വാസത്തിലാണ്. അതാണ് രാഷ്ട്രീയ വഞ്ചനയിലൂടെ നിതീഷ് തകര്‍ത്തത്. താന്‍ ഇപ്പോഴും മഹാസഖ്യത്തിനൊപ്പമാണെന്നും ശരദ് യാദവ് വ്യക്തമാക്കി.

അണികളെ ഒപ്പം നിര്‍ത്താന്‍ ബിഹാറില്‍ ത്രിദിന പര്യടനത്തിലാണ് ശരദ് യാദവ്. ശരദ് യാദവിന്‍റെ യാത്രയുമായി ജെഡിയുവിന് ഒരു ബന്ധവുമില്ലെന്നും അത് വ്യക്തിപരം മാത്രമാണെന്നും ജെഡിയു വക്താവ് വസിഷ്ഠ് നരേന്‍ പ്രതികരിച്ചു.

പാര്‍ട്ടിയില്‍ നിന്ന് തന്നെ പുറത്താക്കാന്‍ നിതീഷ് കുമാറിനെ പ്രകോപിപ്പിക്കുക എന്ന തന്ത്രമാണ് ശരദ് യാദവ് ഇപ്പോള്‍ പ്രയോഗിക്കുന്നത്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെടുകയാണെങ്കില്‍ ശരദ് യാദവിന് രാജ്യസഭാ സീറ്റ് നഷ്ടപ്പെടില്ല. എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെയ്ക്കുകയാണെങ്കില്‍ എംപി സ്ഥാനവും രാജി വെയ്ക്കേണ്ടിവരും. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടാല്‍ ആര്‍ജെഡി, കോണ്‍ഗ്രസ് പാര്‍ട്ടികളുമായി യോജിച്ച് നീങ്ങാനാണ് ശരദ് യാദവിന്‍റെ നീക്കം.

Similar Posts