എന്‍എസ്ജി അംഗത്വം: ഇന്ത്യയെ ചൈന പിന്തുണക്കുമെന്ന് സുഷമ; ഇല്ലെന്ന് ചൈന
|എന്‍എസ്ജി അംഗത്വത്തിന് ഇന്ത്യയെ പിന്തുണക്കുമെന്ന വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ പ്രസ്താവന ചൈന തള്ളി.
എന്‍എസ്ജി അംഗത്വത്തിന് ഇന്ത്യയെ പിന്തുണക്കുമെന്ന വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ പ്രസ്താവന ചൈന തള്ളി. ഇന്ത്യയുടെ എന്‍എസ്ജി അംഗത്വം സോളില്‍ നടക്കുന്ന എന്‍എസ്ജി യോഗത്തിന്റെ അജണ്ടയില്‍ ഇല്ലെന്ന് ചൈന വ്യക്തമാക്കി.
സിയോളില്‍ ചേരുന്ന ന്യൂക്ലിയര്‍ സപ്ലെയേര്‍സ് ഗ്രൂപ്പ് യോഗം ഇന്ത്യയുടെ അംഗത്വ വിഷയം ചര്‍ച്ച ചെയ്യില്ലെന്ന് ചൈനീസ് അധികൃതര്‍ പറഞ്ഞു. ഇക്കാര്യം യോഗത്തില്‍ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയുടെ എന്‍എസ്ജി പ്രവേശത്തെ ചൈന എതിര്‍ക്കില്ലെന്ന വിദേശ കാര്യ മന്ത്രി സുഷമ സ്വരാജിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് ചൈനയുടെ പ്രതികരണം.
ഇന്ത്യയുടെ ന്യൂക്ലിയര്‍ സപ്ലെയേര്‍സ് ഗ്രൂപ്പ് അംഗത്വത്തിന് എനി ഔദ്യോഗിക നടപടിക്രമങ്ങള്‍ മാത്രമാണ് ബാക്കിയുള്ളതെന്നും, ചൈന ഉള്‍പ്പെടെയുള്ള അംഗ രാജ്യങ്ങള്‍ ഇന്ത്യയുടെ എന്‍എസ്ജി പ്രവേശത്തെ എതിര്‍ക്കില്ലെന്നും കഴിഞ്ഞ ദിവസമാണ് വിദേശകാര്യ മന്ത്രി സുഷണ സ്വരാജ് പറഞ്ഞത്. ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ എന്‍എസ്ജിയിലെ അംഗ രാജ്യമാകുമെന്നും അടുത്തയാഴ്ച സിയോളില്‍ ചേരുന്ന എന്‍എസ്ജി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയാകുമെന്നും സുഷമ പറഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യയുടെ അംഗത്വത്തില്‍ മുമ്പെടുത്ത നിലപാടില്‍ മാറ്റമില്ലെന്നതിന്റെ വ്യക്തമായ സൂചനയോടെയാണ് ചൈനീസ് വിദേശകാര്യമന്ത്രാലയം ഇന്ന് സുഷമയുടെ പ്രസ്താവനയോട് പ്രതികരിച്ചത്.
സിയോളില്‍ ചേരുന്ന യോഗത്തില്‍ ഇന്ത്യയുടെ അംഗത്വം സംബന്ധിച്ച് ചര്‍ച്ച നടക്കില്ലെന്നും, ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിടാത്ത രാജ്യങ്ങള്‍ക്ക് അംഗത്വം നല്‍കുന്ന വിഷയം അജണ്ടയില്‍ പോലും ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഹുആ ചുന്‍യിങ്ങ് അറിയിച്ചു. എന്‍എസ്ജി അംഗങ്ങളായ യുഎസ്എ, മെക്സിക്കോ, സ്വിറ്റ്സര്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇന്ത്യക്ക് അംഗത്വം നല്‍കണമെങ്കില്‍ പാകിസ്താനും നല്‍കണമെന്ന നിലപാടാണ് ചൈനക്കുള്ളത്.