വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വെള്ളപ്പൊക്കം; മരണം 300 കടന്നു
|നൂറ് കണക്കിന് ആളുകളെ കാണാതായി. നിരവധി ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാണ്.
ബിഹാറിലും അസമിലും വെള്ളപ്പൊക്കം രൂക്ഷമാകുന്നു. മരണസംഖ്യ 300 കടന്നു. നൂറ് കണക്കിന് ആളുകളെ കാണാതായിട്ടുണ്ട്. നിരവധി ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാണ്.
ബിഹാറില്‍ മാത്രം നൂറ് കണക്കിന് ആളുകളെയാണ് വെള്ളപ്പൊക്കത്തില്‍ കാണാതായത്. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേര്‍ ഒലിച്ച് പോയിട്ടുണ്ട്. റോഡുകളും പാലങ്ങളും തകര്‍ന്നതിനാല്‍ നിരവധി ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടുകിടക്കുകയാണ്. 16 ജില്ലകളിലെ ഒരു കോടിയോളം ആളുകളെ വെള്ളപ്പൊക്കം ദുരിതത്തിലാക്കി. ബിഹാറില്‍ നൂറ്റിഇരുപതിലധികം ആളുകള്‍ മരിച്ചതായി സര്‍ക്കാര്‍ വ്യക്തമാക്കി.
പല ഗ്രാമങ്ങളിലും കുട്ടികളുടെ മൃതദേഹങ്ങളടക്കം കൂടിക്കിടക്കുകയാണ്. നിരവധി മൃതദേഹങ്ങളാണ് ഓരോ ദിവസവും കണ്ടെത്തുന്നത്. ശക്തമായ മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. ട്രെയിന്‍ ഗതാഗതമടക്കം ഗതാഗത സംവിധാനങ്ങളെല്ലാം താറുമാറായി. കേന്ദ്രദുരന്ത നിവാരണ സേനയെ അടക്കം രംഗത്തിറക്കിയിട്ടുണ്ടെങ്കിലും രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ കഴിഞ്ഞിട്ടില്ല. സന്നദ്ധസംഘടനകളാണ് പ്രളയബാധിത മേഖലകളില്‍ ഭക്ഷണവും വെള്ളവും എത്തിക്കുന്നത്.
അസമില്‍ 133 പേരാണ് മരിച്ചത്. പശ്ചിമ ബംഗാളിലും ഹിമാചല്‍പ്രദേശിലും കനത്ത മഴ തുടരുകയാണ്. ഹിമാചല്‍പ്രദേശില്‍ മണ്ണിടിച്ചിലുണ്ട്. അന്‍പതില്‍ അധികം ആളുകള്‍ മണ്ണിടിച്ചിലില്‍ മാത്രം കൊല്ലപ്പെട്ടു. പശ്ചിമ ബംഗാളില്‍ 32 ലക്ഷത്തോളം ആളുകളെയാണ് വെളളപ്പൊക്കം ദുരിതത്തിലാക്കിയിരിക്കുന്നത്. അയല്‍ രാജ്യമായ ബംഗ്ലാദേശിലെ വെള്ളപ്പൊക്കവും പശ്ചിമ ബംഗാളിന്‍റെ ചില ഭാഗങ്ങളെ ബാധിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശ്, അരുണാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളപ്പൊക്കത്തിന്‍റെ പിടിയിലാണ്.