നെഹ്റുവിനെ ഒഴിവാക്കി പാഠപുസ്തകത്തില്‍ സവര്‍ക്കറെ ഉള്‍പ്പെടുത്തിയത് വിവാദത്തില്‍
|ബിജെപി ഭരിക്കുന്ന രാജസ്ഥാനില്‍ പാഠപുസ്തകത്തില്‍ നിന്ന് ജവഹര്‍ലാല്‍ നെഹ്റുവിനെക്കുറിച്ചുള്ള പാഠം ഒഴിവാക്കിയത് വിവാദമാകുന്നു.
ബിജെപി ഭരിക്കുന്ന രാജസ്ഥാനില്‍ പാഠപുസ്തകത്തില്‍ നിന്ന് ജവഹര്‍ലാല്‍ നെഹ്റുവിനെക്കുറിച്ചുള്ള പാഠം ഒഴിവാക്കിയത് വിവാദമാകുന്നു. എട്ടാം ക്ലാസിലെ സാമൂഹ്യ ശാസ്ത്ര പാഠപുസ്തകത്തില്‍ നിന്നാണ് നെഹ്റുവിനെയും മറ്റ് കോണ്‍ഗ്രസ് നേതാക്കളെയും ഒഴിവാക്കിയത്. അതേ സമയം പുതുക്കിയ പാഠപുസ്തകത്തില്‍ ഹിന്ദുമഹാസഭ നേതാവ് വി ഡി സവര്‍ക്കരെക്കുറിച്ചുള്ള പാഠഭാഗം ഉള്‍പ്പെടുത്തിയിട്ടുണ്ട്
വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച എട്ടാം ക്ലാസ് പുസ്തകത്തിലാണ് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്റുവിനെ പൂര്‍ണമായും ഒഴിവാക്കിയിരിക്കുന്നത്. മഹാത്മാ ഗാന്ധി, സുഭാഷ് ചന്ദ്ര ബോസ്, ഭഗത് സിങ്, ലാലാ ലജ്പത് റായി, ബാലഗംഗാധര തിലകന്‍, ഹേമു കലാനി എന്നീ സ്വതന്ത്ര സമര സേനാനികളുടെ പേര് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം നെഹ്റുവിനൊപ്പം സരോജിനി നായിഡു, മദന്‍മോഹന്‍ മാള്‍വിയ തുടങ്ങി കോണ്‍ഗ്രസ് നേതാക്കളെ പുസ്തകത്തില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്.
പക്ഷേ സ്വാതന്ത്ര്യ സമരസേനാനികള്‍ക്കൊപ്പം ഹിന്ദുമഹാസഭ നേതാവ് വിഡി സവര്‍ക്കറുടെ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗാന്ധി വധത്തെക്കുറിച്ച് പറയുന്ന ഭാഗത്ത് നാഥുറാം ഗോഡ്സയെക്കുറിച്ച് യാതൊരു പരാമര്‍ശവും ഇല്ല. ജവഹര്‍ലാല്‍ നെഹ്റുവിനെ അവഹേളിച്ചവര്‍ ഇന്ത്യയെ തന്നെയാണ് അവഹേളിച്ചതെന്ന് കോണ്‍ഗ്രസ് വക്താവ് പ്രമോദ് തിവാരി പ്രതികരിച്ചു.
അടുത്തയിടെ ഡല്‍ഹി സര്‍വകലാശാലയിലെ പാഠപുസ്തകത്തില്‍ ഭഗത് സിങ്ങിനെ ഭീകരവാദിയായി മുദ്രകുത്തിയതും വിവാദത്തിന് കാരണമായിരുന്നു. ഭഗത് സിങ്ങിനോടൊപ്പം രക്തസാക്ഷികളായ ചന്ദ്രശേഖര്‍ ആസാദ്, സൂര്യസേന എന്നിവരുള്‍പ്പെടെയുള്ള സ്വാതന്ത്ര്യസമര സേനാനികളെ വിപ്ലവകാരികളായ ഭീകരവാദികള്‍ എന്നാണ് വിശേഷിപ്പിച്ചിരുന്നത്.