പിഴയടച്ചും കേസിന് പോയും മടുത്തു; പശുക്കളെ ദാനം ചെയ്യുകയാണെന്ന് സത്താര്‍
|ഇതെനിക്കൊരു ഹോബിയോ, കച്ചവടമോ അല്ല.. ഞാന്‍ ഇന്നുവരെ അവരെ അറവുകാര്‍ക്ക് കൊടുത്തിട്ടുമില്ല..
പൂനയിലെ ന്യൂ നാന പേത്തിലെ സത്താര്‍ മുര്‍തുസ ശൈഖിന്റെ കുടുംബം കഴിഞ്ഞ 90 വര്‍ഷമായി പശുവിനെ വളര്‍ത്തുന്നു.. പക്ഷേ ഇനി ഈ പണിക്കില്ലെന്ന് സത്താര്‍ തീരുമാനിച്ചു കഴിഞ്ഞു. അപകടകരമായ രീതിയില്‍ കന്നുകാലികളെ കടത്തുന്നുവെന്ന് ആരോപിച്ച് പൊലീസ് കഴിഞ്ഞ മാസം സത്താറിന്റെ പേരില്‍ കേസെടുക്കുകയും പശുക്കളെയും വണ്ടിയെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുടര്‍ന്ന് ഒരു സന്നദ്ധ സംഘടനയ്ക്ക് അവയെ ദാനം ചെയ്യാനുള്ള തീരുമാനത്തിലാണ് ഇപ്പോള്‍ സത്താര്‍.
രണ്ടു പശുക്കളും ഒരു കിടാവുമാണ് സത്താറിനുള്ളത്. പാലിനുവേണ്ടിയാണ് അവയെ വളര്‍ത്തുന്നത്. വീട്ടില്‍ അവയ്ക്കാവശ്യമായ സ്ഥലമില്ലാത്തതില്‍ അവ റോഡില്‍ അലഞ്ഞുതിരിഞ്ഞാണ് പകല്‍ കഴിയുന്നത്. ആദ്യം അവിടെ അവര്‍ക്കാവശ്യമായ ഒരു തുറന്ന സ്ഥലമുണ്ടായിരുന്നു. ഇപ്പോള്‍ അതില്ലാതായി- അദ്ദേഹം പറയുന്നു. എപ്പോള്‍ അവ റോഡില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്നതായി കണ്ടാലും അധികാരികള്‍ പശുക്കളെ കസ്റ്റഡിയിലെടുക്കുകയും സത്താറിന് പിഴ ചുമത്തുകയും ചെയ്യും.. പശുക്കുട്ടിക്ക് 600 രൂപയും പശുക്കള്‍ക്ക് 1200 രൂപയും വീതമാണ് ഓരോ തവണയും പിഴയൊടുക്കിയത്.. ഇതിനകം 50,000 രൂപയിലധികം താന്‍ പിഴയടച്ചു കഴിഞ്ഞെന്ന് പറയുന്നു സത്താര്‍.
കഴിഞ്ഞ മാസം മുതലാണ് പശുവളര്‍ത്തലിന്റെ പേരില്‍ സത്താറിനെതിരായ മാനസിക പീഡനം വര്‍ധിച്ചത്. പതിവുപോലെ അധികാരികള്‍ പിടിച്ചുകൊണ്ടുപോയ പശുക്കളെയും കിടാവിനെയും പിഴ അടച്ച് മോചിപ്പിച്ച ശേഷം വാഹനത്തില്‍ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു സത്താര്‍. വഴിയില്‍ വെച്ച് ഏതാനും ആളുകളും പൊലീസും കൂടി വണ്ടി തടയുകയും ഞാന്‍ അവയെ അറവിനായി കൊണ്ടുപോകുകയാണെന്ന് ആരോപിക്കുകയും ചെയ്തു. ഞാന്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ കേട്ടില്ല.. വീണ്ടും വാഹനമടക്കം അവയെ കസ്റ്റഡിയിലെടുക്കുകയും എന്റെ പേരില്‍ കേസെടുക്കുകയും ചെയ്തു. കേസ് കോടതിയിലെത്തുകയും കോടതി സത്താറിന്‍റെ അപേക്ഷ പരിഗണിക്കുകയും ചെയ്തു. പശുക്കളെ മോചിപ്പിച്ചു. പക്ഷേ, അവയെ സമ്മാനമായിട്ട് നല്‍കാനോ വില്‍ക്കാനോ പാടില്ലെന്നും കോടതി ഉത്തരവിട്ടു. 3 ലക്ഷം കെട്ടിവെച്ചാണ് വാഹനം തിരിച്ചെടുത്തത്. തുടര്‍ന്നാണ് സന്നദ്ധസംഘടനയ്ക്ക് ദാനം നല്‍കാന്‍ തീരുമാനിച്ചത്.
കര്‍ണാടകയില്‍ നിന്ന് പൂനയിലേക്ക് കുടിയേറിയതാണ് സത്താറിന്‍റെ പൂര്‍വ്വികന്മാര്‍. കുടുംബത്തിന് പാലിന്‍റെ ആവശ്യത്തിന് പശുവിനെ വളര്‍ത്താന്‍ തുടങ്ങിയത് മുത്തച്ഛനാണ്. പിതാവും അത് തുടര്‍ന്നു.. പാരമ്പര്യം അതായതുകൊണ്ട് ഞാനും അത് ഇഷ്ടപ്പെട്ടു. എന്റെ നാല് കുട്ടികളും പാല് കുടിച്ചാണ് വളര്‍ന്നത്. പശുക്കളോടും കിടാവിനോടും സ്നേഹം കൊണ്ടാണ് അവയെ ഞാന്‍ വളര്‍ത്തുന്നത്. ഇതെനിക്കൊരു ഹോബിയോ, കച്ചവടമോ അല്ല.. ഞാന്‍ ഇന്നുവരെ അവരെ അറവുകാര്‍ക്ക് കൊടുത്തിട്ടുമില്ല.. അവരെന്നും എനിക്കൊപ്പം ഉണ്ടാവണമെന്നുമാത്രമാണ് ആഗ്രഹിക്കുന്നത്. പക്ഷേ ഇനി വയ്യ.. സത്താര്‍ പറയുന്നു..