ശിവസേന മുഖപത്രം സാമ്ന നിരോധിക്കണമെന്ന് ബി.ജെ.പി
|അതേസമയം ബിജെപിക്കെതിരെ ആഞ്ഞടിച്ച് സേന രംഗത്ത് വന്നു
ശിവസേന മുഖപത്രം സാമ്ന നിരോധിക്കണമെന്ന് ബി.ജെ.പി മഹാരാഷ്ട്ര ഘടകം. വോട്ടര്‍മാരെ സ്വാധീനിക്കുന്ന തരത്തില്‍ വാര്‍ത്ത നല്കി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചു എന്നാരോപിച്ചാണ് പത്രത്തിന്റെ അച്ചടി നിര്‍ത്തിവെപ്പിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി രംഗത്ത് വന്നത്. ഇത് ചൂണ്ടിക്കാണിച്ച് ബിജെപി മഹാരാഷ്ട്ര വക്താവ് ശ്വേത ശാലിനി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. തെളിവായി മറാത്ത് വാഡയില്‍ കഴിഞ്ഞ ദിവസം വിതരണം ചെയ്ത പത്രത്തിന്റെ കോപ്പിയും ബി.ജെ.പി കമ്മീഷന് അയച്ചു കൊടുത്തു. പത്രം ഉപയോഗിച്ച് പാര്‍ട്ടിയുടെ പ്രചാരണം നടത്തിയോ എന്ന് അന്വേഷിക്കണമെന്നും അങ്ങനെയല്ലെങ്കില്‍ ഇത് പെയ്ഡ് ന്യൂസാണെന്നും ബി.ജെ.പി ആരോപിക്കുന്നു. അതേസമയം ബിജെപിക്കെതിരെ ആഞ്ഞടിച്ച് സേന രംഗത്ത് വന്നു. അടിയന്തരാവസ്ഥക്കെതിരെ പ്രവര്‍ത്തിച്ച ബി.ജെ.പി ഇന്ന് അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമര്‍ത്തുകയാണെന്നും ശിവസേന ആരോപിച്ചു