വരള്‍ച്ച: ഐ.പി.എല്‍ മുംബൈയില്‍ നിന്ന് മാറ്റണമെന്ന് ഹൈക്കോടതി
|സംസ്ഥാനം കുടത്ത കുടിവെള്ള ക്ഷാമം നേരിടുമ്പോള്‍, ഐ.പി.എല്‍ മത്സരത്തിനായി എങ്ങനെയാണ് ഇത്രയധികം വെള്ളം ഉപയോഗിക്കാനാവുകയെന്നും, മനുഷ്യ ജീവനാണോ, ക്രിക്കറ്റാണോ വലുതെന്നും കോടതി ചോദിച്ചു. മുംബൈയിലെ ഐ.പി.എല്‍ മത്സരങ്ങള്‍, വരള്‍ച്ച ബാധിക്കാത്ത മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റണമെന്ന് ബി.സി.സി.ഐയോട് കോടതി ആവശ്യപ്പെട്ടു
രാജ്യത്തെ വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ സഹായമെത്തിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് സുപ്രീം കോടതി വിമര്‍ശം. ഒമ്പത് വരള്‍ച്ച ബാധിത സംസ്ഥാനങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് നേര്‍ക്ക് കണ്ണടക്കാന്‍ കേന്ദ്ര സര്‍ക്കാരിനാവില്ലെന്ന് സുപ്രിം കോടതി പറഞ്ഞു. കടുത്ത വരള്‍ച്ച കണക്കിലെടുത്ത് ഐ.പി.എല്‍ മത്സരം മുംബൈയില്‍ നിന്ന് മാറ്റണമെന്ന് ഹൈക്കോടതിയും ആവശ്യപ്പെട്ടു.
വരള്‍ച്ച ബാധിത പ്രദേശങ്ങളിലേക്ക് സഹായമെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് സന്നദ്ധ സംഘടനയായ സ്വരാജ് അഭിയാനാണ് സുപ്രിം കോടതിയില്‍ പൊതുതാല്പര്യ ഹരജി പരിഗണിച്ചത്. ഒമ്പത് സംസ്ഥാനങ്ങള്‍ രൂക്ഷമായ വരള്‍ച്ച അനുഭവിക്കുന്പോള്‍, ആവശ്യമായ സഹായങ്ങള്‍ എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകില്ലെന്ന് ഹരജിയില്‍ ആരോപിക്കുന്നു. വരള്‍ച്ച പ്രദേശങ്ങളിലേക്ക് കൂടുതല്‍ ഭക്ഷ്യ വസ്തുക്കളും കുടിവെള്ളവും എത്തിക്കാന്‍ നിര്‍ദേശം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. ഹരജി പരിഗണിച്ച കോടതി കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. വരള്‍ച്ച പ്രദേശങ്ങളിലേക്ക് സഹായമെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടു. രാജ്യത്തെ ഒന്‍പത് സംസ്ഥാനങ്ങള്‍ വരള്‍ച്ചയുടെ ബുദ്ധിമുട്ട് അനുഭവിക്കുന്പോള്‍ അതിനെ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും ജസ്റ്റിസ് മദന്‍ ബി ലോകൂര്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
അതിനിടെ, കടുത്ത വരള്‍ച്ച അനുഭവിക്കുന്ന മഹാരാഷട്രയില്‍, ഐ.പി.എല്‍ മത്സരത്തിന്റെ മൈതാനവും പിച്ചും ഒരുക്കാന്‍ ലിറ്ററ് കണക്കിന് വെള്ളം ഉപയോഗിക്കുന്നത് ചൂണ്ടിക്കാട്ടി നല്കിയ പൊതുതാല്പര്യ ഹരജി മുംബൈ ഹൈക്കോടതി പരിഗണിച്ചു. സംസ്ഥാനം കുടത്ത കുടിവെള്ള ക്ഷാമം നേരിടുമ്പോള്‍, ഐ.പി.എല്‍ മത്സരത്തിനായി എങ്ങനെയാണ് ഇത്രയധികം വെള്ളം ഉപയോഗിക്കാനാവുകയെന്നും, മനുഷ്യ ജീവനാണോ, ക്രിക്കറ്റാണോ വലുതെന്നും കോടതി ചോദിച്ചു. മുംബൈയിലെ ഐ.പി.എല്‍ മത്സരങ്ങള്‍, വരള്‍ച്ച ബാധിക്കാത്ത മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റണമെന്ന് ബി.സി.സി.ഐയോട് കോടതി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നും കോടതി ആവശ്യപ്പെട്ടു. ഹരജിയില്‍ നാളെയും വാദം തുടരും.