കാലിത്തീറ്റ കുംഭകോണം: മൂന്നാമത്തെ കേസിലും ലാലു പ്രസാദ് കുറ്റക്കാരന്‍
|കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മൂന്നാമത്തെ കേസിലും ലാലു പ്രസാദ് യാദവ് കുറ്റക്കാരന്‍
കാലിത്തീറ്റ കുംഭകോണക്കേസിലെ മൂന്നാമത്തെ കേസിലും ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലുപ്രസാദ് യാദവ് കുറ്റക്കാരനെന്ന് കോടതി. റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. ശിക്ഷാവിധി ഇന്നുണ്ടായേക്കും.
കാലിത്തീറ്റ കുഭകോണക്കേസിലെ ചായിബാസ കേസിലാണ് ലാലുപ്രസാദ് യാദവ് അടക്കമുള്ള പ്രതികള്‍ കുറ്റക്കാരാണെന്ന് റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതി കണ്ടെത്തിയത്. ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയായ ജഗനാഥ് മിശ്രയും കുറ്റക്കാരെന്ന് കണ്ടെത്തിയവരിലുണ്ട്. 6 രാഷ്ട്രീയ നേതാക്കളും 3 മുന്‍ ഐഎഎസ് ഉദ്യോഗസ്ഥരുമടക്കം 56 പ്രതികളാണ് കേസിലുള്ളത്. ചായിബസ ട്രഷറിയില്‍ നിന്നും 37.67 കോടി രൂപ വ്യാജ രേഖകള്‍ ഉപയോഗിച്ച് പിന്‍വലിച്ചെന്നാണ് കേസ്. 1992-93 കാലഘട്ടത്തിലായിരുന്നു പണം പിന്‍വലിച്ചത്.
രണ്ടാമത്തെ കേസായ ഡിയോഹർ ട്രഷറിൽ നിന്ന് 82.42 ലക്ഷം രൂപ പിൻവലിച്ച കേസിൽ ലാലുപ്രസാദ് അടക്കമുള്ളവര്‍ ഈ മാസമാദ്യം മൂന്നര വർഷം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് ബിർസമുണ്ട ജയിലിലാണ് ലാലു ഇപ്പോള്‍. 2013 സെപ്തംബര്‍ 30ന് ആദ്യ കേസിലും അഞ്ച് വര്‍ഷം തടവും 25 ലക്ഷം രൂപ പിഴയും ലാലുവിന് ശിക്ഷ വിധിച്ചിരുന്നു. പിന്നീട് സുപ്രീംകോടതി ജാമ്യം അനുവദിക്കുകയായിരുന്നു. 1990 മുതല്‍ 1997 കാലഘട്ടത്തില്‍ 970 കോടിയോളം രൂപയുടെ തട്ടിപ്പുനടന്നു എന്ന പരാതിയാണ് കാലിത്തീറ്റ കുംഭകോണകേസിന് അടിസ്ഥാനം.