ഉമാ ഭാരതിയുടെ അയോധ്യാ സന്ദർശനം മാറ്റിവച്ചു
|പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേർത്ത പാർട്ടി കോർ ഗ്രൂപ്പ് യോഗത്തില്‍ വർഗീയ വിദ്വേഷം പരത്തുന്ന പ്രസ്താവനകളും നടപടികളും നേതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടാവരുതെന്ന് നിർദേശിച്ചിരുന്നു
കേന്ദ്രമന്ത്രി ഉമാ ഭാരതിയുടെ അയോധ്യാ സന്ദർശനം മാറ്റിവച്ചു. ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഉമാ ഭാരതി യാത്രമാറ്റിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേർത്ത പാർട്ടി കോർ ഗ്രൂപ്പ് യോഗത്തില്‍ വർഗീയ വിദ്വേഷം പരത്തുന്ന പ്രസ്താവനകളും നടപടികളും നേതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടാവരുതെന്ന് നിർദേശിച്ചിരുന്നു. ബി.ജെ.പിയുടെ ഉന്നത നേതാക്കളും ഭാരതിയുടെ അയോധ്യാ സന്ദർശനത്തെ വിലക്കിയിരുന്നു.
എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതിനാലാണ് ഡൽഹി വിടാത്തതെന്നാണ് ഉമാ ഭാരതിയുടെ വിശദീകരണം. ബാബറി മസ്ജിദ് കേസിൽ വിചാരണ നേരിടണമെന്നു സുപ്രീം കോടതി വിധിച്ചതിനു പിന്നാലെയാണ് അയോധ്യയിലേക്ക് ഇന്ന് രാത്രിതന്നെ പോകുമെന്ന് ഉമാഭാരതി വ്യക്തമാക്കിയത്. ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുകയും ചെയ്തു. ബാബറി മസ്ജിദ് കേസിൽ വിചാരണ നേരിടാനും ജയിലിൽ പോകാനും തയാറാണെന്നും അയോധ്യയിൽ രാമക്ഷേത്രം പണിയുമെന്നും അവർ വ്യക്തമാക്കിയിരുന്നു.
ബാബറി മസ്ജിദ് ഗൂഡാലോചനക്കേസിൽ ബിജെപിയുടെ മുതിർന്ന നേതാക്കളായ എല്‍. കെ.അഡ്വാനി, മുരളി മനോഹർ ജോഷി, ഉമാ ഭാരതി എന്നിവർ അടക്ക മുള്ള 13 പേർ വിചാരണ നേരിടണമെന്നാണ് സുപ്രീം കോടതി വിധി. ഗൂഢാലോചനക്കുറ്റം പുനഃസ്ഥാപിക്കണമെന്ന സി.ബി.ഐയുടെ അപേക്ഷ സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു.