രാഷ്ട്രപതി ഭവനും പാര്‍ലമെന്റും അടിമത്തത്തിന്റെ പ്രതീകം; തകര്‍ക്കണം: അസം ഖാന്
|എന്തുകൊണ്ട് താജ്മഹല്‍ മാത്രം? പാര്‍ലമെന്റും രാഷ്ട്രപതി ഭവനും കുത്തബ് മീനാറും ചെങ്കോട്ടയുമെല്ലാം അടിമത്തത്തിന്റെ പ്രതീകങ്ങളാണെന്ന് സമാജ്വാദി പാർട്ടി നേതാവ് അസം ഖാന്
രാഷ്ട്രപതി ഭവനും പാര്‍ലമെന്റും അടിമത്തത്തിന്റെ പ്രതീകമാണെന്നും തകർത്തുകളയണമെന്നും സമാജ്വാദി പാർട്ടി നേതാവ് അസം ഖാന്. താജ് മഹല്‍ ഇന്ത്യന്‍ സംസ്കാരത്തിന് കളങ്കമാണെന്ന ബിജെപി എംഎല്‍എ സംഗീത് സോമിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് അസംഖാന്റെ പ്രതികരണം. സംഗീത് സോമിന്റെ പ്രസ്താവനയെ വിമര്‍ശിച്ചുകൊണ്ടാണ് അസംഖാന്റെ പരിഹാസം.
അടിമത്തത്തിന്റെ പ്രതീകങ്ങളെല്ലാം തകര്‍ക്കണമെന്ന് താന്‍ മുന്‍പും പറഞ്ഞിട്ടുണ്ടെന്ന് അസം ഖാന് വ്യക്തമാക്കി. എന്തുകൊണ്ട് താജ്മഹല്‍ മാത്രം? പാര്‍ലമെന്റും രാഷ്ട്രപതി ഭവനും കുത്തബ് മീനാറും ചെങ്കോട്ടയുമെല്ലാം അടിമത്തത്തിന്റെ പ്രതീകങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ താജ് മഹലിനെ ടൂറിസം പട്ടികയില്‍ നിന്നൊഴിവാക്കിയതിന് പിന്നാലെയാണ് ബിജെപി എംഎല്‍എ സംഗീത് സോം താജ്മഹല്‍ നിര്‍മിച്ചത് രാജ്യദ്രോഹികളാണെന്ന പരാമര്‍ശവുമായി രംഗത്തെത്തിയത്. സ്വന്തം പിതാവിനെ തടവിലിട്ട, ഹിന്ദുക്കളെ തുടച്ചുനീക്കാന്‍ ശ്രമിച്ചയാളാണ് താജ്മഹല്‍ നിര്‍മിച്ചതെന്നും താജ്മഹല്‍ ഇന്ത്യന്‍ സംസ്കാരത്തിന് കളങ്കമാണെന്നുമായിരുന്നു സംഗീത് സോമിന്റെ പ്രതികരണം. പിന്നാലെയാണ് അസം ഖാന്റെ പ്രസ്താവന.