India
ഇന്ത്യയുടെ അയല്‍രാജ്യം ഭീകരവാദത്തിന്റെ മാതൃരാജ്യമെന്ന് മോദി; ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനംഇന്ത്യയുടെ അയല്‍രാജ്യം ഭീകരവാദത്തിന്റെ മാതൃരാജ്യമെന്ന് മോദി; ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം
India

ഇന്ത്യയുടെ അയല്‍രാജ്യം ഭീകരവാദത്തിന്റെ മാതൃരാജ്യമെന്ന് മോദി; ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം

Alwyn K Jose
|
17 April 2018 2:50 PM GMT

ശ്രീലങ്കന്‍ പ്രസിഡന്റ് എം സിരിസേനയുമായും ഭൂട്ടാന്‍‌ പ്രധാനമന്ത്രി ഷെറിന്‍‌ തോഗ്ബേയുമായും പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൂടിക്കാഴ്ച നടത്തും.

ബ്രിക്സ് ഉച്ചകോടിയില്‍ പാകിസ്താനെ പരോക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ അയല്‍ രാജ്യം ഭീകരവാദത്തിന്റെ മാതൃരാജ്യമാണെന്ന് പ്രധാനമന്ത്രി ആരോപിച്ചു. ബ്രിക്സ് ഉച്ചകോടിയുടെ സമാപന ദിവസമായ ഇന്ന് അംഗരാജ്യങ്ങളുമായി നടത്തിയ ചര്‍ച്ചക്കിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശം.

ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഭീകരവാദമാണെന്ന് ആവര്‍ത്തിച്ച പ്രധാനമന്ത്രി പാകിസ്താനാണ് അതിന്റെ ഉറവിടമെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. പാകിസ്താന്റെ പേരെടുത്തു പറയാതെയായിരുന്നു വിമര്‍ശം. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഈ രാജ്യം ഭീകരവാദത്തെ ന്യായീകരിക്കുകയാണ്. ലോകസമൂഹം ഈ മാനസികാവസ്ഥയെ അപലപിക്കണമെന്നും മോദി അംഗ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. ശ്രീലങ്ക, ഭൂട്ടാന്‍ നേതാക്കളുമായും ഉച്ചകോടിക്കിടെ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന, മ്യാന്‍മര്‍ നേതാവ് ആങ്സാന്‍ സൂചി എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

ഗോവയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനമാകും. ഉച്ചകോടിയുടെ ഭാഗമായി ഇന്നലെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങുമായും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിനുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ഗോവയില്‍ തുടരുന്ന 8 -ാമത് ബ്രിക്സ് ഉച്ചകോടിയുടെ ആദ്യദിനം തന്ത്ര പ്രധാന കൂടിക്കാഴ്ചകളാണ് നടന്നത്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷിജിന്‍ പിങ്, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ തുടങ്ങിയവരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി ജയ്ശെ മുഹമ്മദ് തലവന്‍‌ മസൂദ് അസ്ഹറിനെ ഐക്യരാഷ്ട്രസഭ ഭീകരവാദി പട്ടികയില്‍ ഉള്‍പ്പടുത്തല്‍, എന്‍എസ്ജി ഗ്രൂപ്പിലെ പ്രവേശനം തുടങ്ങി വിവധ വിഷയങ്ങളില്‍ ഇന്ത്യ ചൈനയുടെ പിന്തുണ തേടി.

ഉച്ചകോടിയുടെ ഭാഗമായി നടന്ന ഇന്ത്യ - റഷ്യ ഉഭയകക്ഷി ചര്‍ച്ചയില്‍ വ്യോമ പ്രതിരോധ സംവിധാനമായ എസ് 400 ട്രയംഫ് ഇന്ത്യ റഷ്യയില്‍ നിന്ന് വാങ്ങുന്നതടക്കം 16 സഹകരണകരാറുകളാണ് യാഥാര്‍ത്ഥ്യമായത്. ഉച്ചകോടിയുടെ സമാപന ദിനത്തില്‍‌ ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുമായും ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിങ് തോബ്‌ഗേയുമായും മോദി കൂടിക്കാഴ്ച നടത്തും.

Similar Posts