ബജ്റംഗ്‍ദളിന്റെ ആയുധ പരിശീലന പദ്ധതിക്കെതിരെ പ്രതിഷേധം ശക്തം
|വര്‍ഗീയ ധ്രുവീകരണം നടത്താനാണ് ബിജെപിയുടെ ശ്രമമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആരോപിച്ചു
ബജ്റംഗ്‍ദളിന്റെ ആയുധ പരിശീലന പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. വര്‍ഗീയ ധ്രുവീകരണം നടത്താനാണ് ബിജെപിയുടെ ശ്രമമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആരോപിച്ചു. ഹിന്ദു സഹോദരങ്ങളെ സംരക്ഷിക്കാനെന്ന പേരില്‍ ബജ്റംഗ്‍ദള്‍ നടത്തിവരുന്ന സായുധ പരിശീലനത്തിന്റെ വീഡിയോ ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് പുറത്തുവിട്ടത്.
ദിവസങ്ങള്‍ക്ക് മുന്‍പ് ഉത്തര്‍പ്രദേശിലാണ് സംഭവം നടന്നത്. അയോദ്ധ്യയില്‍ യുദ്ധസമാനമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ച് സായുധ പരിശീലനം നല്‍കുന്നതാണ് ദൃശ്യത്തിലുള്ളത്. അഹിന്ദുക്കളില്‍ നിന്ന് ഹിന്ദു സഹോദരങ്ങളെ സംരക്ഷിക്കാനെന്ന പേരില്‍ ബജ്റംഗ്‍ദള്‍ സംഘടിപ്പിച്ചതാണ് പരിപാടിയെന്നാണ് ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ റിപ്പോര്‍ട്ട്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നു വന്നിട്ടുള്ളത്.
വര്‍ഗീയ ധ്രുവീകരണം നടത്താനാണ് ബിജെപിയുടെ ശ്രമമെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. പരിപാടി സംഘപരിവാര്‍ ഗൂഢാലോചനയുടെ ഭാഗമാണെന്നും വര്‍ഗീയവല്‍ക്കരണത്തിലൂടെ രാഷ്ട്രീയ ലാഭത്തിനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ബിഎസ്പിയും കുറ്റപ്പെടുത്തി.
അതേസമയം വാര്‍ഷിക പരിപാടിയോട് അനുബന്ധിച്ചുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടിയാണെന്നാണ് സംഘാടകരുടെ വിശദീകരണം. ജൂണ്‍ അഞ്ച് വരെ രാജ്യത്ത് പലയിടത്തും പരിശീലന പരിപാടി സംഘടിപ്പിക്കാന്‍ ബജ്റംഗദളിന് പദ്ധതിയുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.