നോട്ട് അസാധുവാക്കലിന് ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് ബിജെപിയുടെ ജയം: നിതീഷ് കുമാര്‍
|കേന്ദ്ര സർക്കാരിന്റെ നോട്ട് അസാധുവാക്കൽ നടപടി രാജ്യത്തെ സാധാരണക്കാർ അംഗീകരിച്ചതിന് തെളിവാണ് ബിജെപി നേടിയ വന്‍വിജയമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ
കേന്ദ്ര സർക്കാരിന്റെ നോട്ട് അസാധുവാക്കൽ നടപടി രാജ്യത്തെ സാധാരണക്കാർ അംഗീകരിച്ചതിന് തെളിവാണ് ബിജെപി നേടിയ വന്‍വിജയമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. നോട്ട് നിരോധം സംബന്ധിച്ച യഥാര്‍ഥ വസ്തുതകള്‍ അവഗണിച്ചതാണ് പ്രതിപക്ഷ പാർട്ടികളുടെ തോൽവിക്ക് കാരണം. പാവപ്പെട്ട ജനങ്ങള്‍ നോട്ട് അസാധുവാക്കലിന് അനുകൂലമായിരുന്നു. പണക്കാരാണ് നിരോധത്തെ എതിര്‍ത്തത്. നോട്ട് നിരോധത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍ക്കേണ്ടിയിരുന്നില്ലെന്നും നിതീഷ് കുമാര്‍ അഭിപ്രായപ്പെട്ടു.
ഉത്തര്‍പ്രദേശിലും ഉത്തരാഘണ്ഡിലും വന്‍വിജയം നേടിയ ബിജെപിയെ നിതീഷ് കുമാര്‍ അഭിനന്ദിച്ചു. യുപിയില്‍ പിന്നാക്ക ജാതിയില്‍പ്പെട്ടവര്‍ ബിജെപിക്കൊപ്പം നിന്നു. പിന്നാക്ക വിഭാഗക്കാരെ ഒപ്പം നിര്‍ത്താന്‍ മറ്റ് പാര്‍ട്ടികള്‍ ശ്രമിച്ചില്ല. ബിഹാറില്‍ വിജയം കണ്ട മഹാസഖ്യം യുപിയില്‍ വിജയിച്ചില്ലെന്നും നിതീഷ് കുമാര്‍ നിരീക്ഷിച്ചു.
പഞ്ചാബില്‍ ഭരണം തിരിച്ചുപിടിച്ചതിനും ഗോവയിലും മണിപ്പൂരിലും വലിയ ഒറ്റകക്ഷിയായതിനും നിതീഷ് കുമാര്‍ കോണ്‍ഗ്രസിനെ അഭിനന്ദിച്ചു.