കാവേരി തര്‍ക്കം: തമിഴ്‍നാട്ടില്‍ ബന്ദ് തുടങ്ങി; സ്റ്റാലിനും കനിമൊഴിയും വൈകോയും അറസ്റ്റില്‍
|കാവേരി നദീജല തര്‍ക്കത്തില്‍ തമിഴര്‍ക്കെതിരെയുള്ള അക്രമങ്ങളില്‍ പ്രതിഷേധിച്ച് തമിഴ്നാട്ടില്‍ ആഹ്വാനം ചെയ്ത ബന്ദ് തുടങ്ങി.
കാവേരി നദീജല തര്‍ക്കത്തില്‍ തമിഴര്‍ക്കെതിരെയുള്ള അക്രമങ്ങളില്‍ പ്രതിഷേധിച്ച് തമിഴ്നാട്ടില്‍ ആഹ്വാനം ചെയ്ത ബന്ദ് പുരോഗമിക്കുന്നു. വിവിധ ട്രേഡ് യൂണിയനുകളും കര്‍ഷക സംഘടനകളുമാണ് ബന്ദ് നടത്തുന്നത്.
പുതുക്കോട്ടയില്‍ ട്രെയിന്‍ തടയാനുളള സമരക്കാരുടെ ശ്രമം പൊലീസ് തടഞ്ഞു. ട്രെയിന്‍ തടയാനെത്തിയ ഡിഎംകെ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. എംകെ സ്റ്റാലിനെയും കനിമൊഴിയെയുമാണ് അറസ്റ്റ് ചെയ്തത്. തിരുച്ചിയില്‍ എംഡിഎംകെ നേതാവ് വൈകോയെയും പൊലീസ് അറസ്റ്റ് ചെയ്തു. അതിനിടെ ഇന്നലെ ചെന്നൈയില്‍ പ്രതിഷേധപ്രകടനത്തിനിടെ ആത്മാഹുതി ശ്രമം നടത്തിയയാളുടെ നില ഗുരുതരമായി തുടരുന്നു.
ഭരണകക്ഷിയായ എഐഎഡിഎംകെ ഒഴികെ എല്ലാ പാര്‍ട്ടികളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ കാവേരി വിഷയത്തില്‍ കര്‍ണാടക, തമിഴ്നാട് സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതി ശാസിച്ചിരുന്നു. ഇരു സര്‍ക്കാരുകള്‍ക്കും സംഘര്‍ഷം തടയാനായില്ലെന്നും സര്‍ക്കാരുകള്‍ നിയമത്തെ ബഹുമാനിക്കണമെന്നും ആയിരുന്നു കോടതിയുടെ വിമര്‍ശം.