രാജ്യസഭാ അംഗത്വം: ശരത് യാദവ് നിയമോപദേശം തേടി
|രാജ്യസഭാംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പരാതിയിൽ വിശദീകരണം നൽകണമോയെന്ന് തീരുമാനിച്ചിട്ടില്ലെന്ന് ജെഡിയു നേതാവ് ശരത് യാദവ്. രാജ്യസഭാ സെക്രട്ടറിയേറ്റിന് മുമ്പാകെ ഈമാസം 30ന് ഹാജരാകണമോയെന്നതിൽ നിയമോപദേശം..
രാജ്യസഭാംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പരാതിയിൽ വിശദീകരണം നൽകണമോയെന്ന് തീരുമാനിച്ചിട്ടില്ലെന്ന് ജെഡിയു നേതാവ് ശരത് യാദവ്. രാജ്യസഭാ സെക്രട്ടറിയേറ്റിന് മുമ്പാകെ ഈമാസം 30ന് ഹാജരാകണമോയെന്നതിൽ നിയമോപദേശം തേടിയതായും ശരത് യാദവ് പറഞ്ഞു. വീരേന്ദ്രകുമാറിന്റെ രാജ്യസഭാംഗത്വം നിലനിൽക്കുമോയെന്നു മറുപടി പറയേണ്ടത് നിതീഷ് വിഭാഗമാണെന്നും ശരത് യാദവ് പറഞ്ഞു.
ശരദ് യാദവ്, അലി അൻവർ എന്നിവരെ കൂറുമാറ്റ നിയമ പ്രകാരം അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിതീഷ് പക്ഷത്തിൻറ്റെ പരാതിയിലാണ് രാജ്യസഭാ സെക്രട്ടറിയേറ്റ് നടപടി തുടങ്ങിയത്. ഇരുവർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകി. ഒക്ടോബർ 30 ന് നേരിട്ട് ഹാജരായി വിശദീകരണം നൽകാനാണ് നിർദ്ദേശം. എന്നാൽ ഇക്കാര്യത്തിൽ നിയമോപദേശം തേടിയിട്ടുണ്ട്. ഇത് ലഭിച്ച ശേഷമേ നേരിട്ട് ഹാജരാകണമോയെന്നത് തീരുമാനിക്കൂ എന്ന് ശരത് യാദവ് പറഞ്ഞു. ജെഡിയു ഔദ്യോഗിക വിഭാഗം നിതീഷിന്റേതല്ല. അക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ സ്ഥാപിക്കും.
വീരേന്ദ്ര കുമാറിനെതിരെ ഇതുവരെയും നിതീഷ് വിഭാഗം പരാതി നൽകിയിട്ടില്ല. അദ്ദേഹത്തിന്റെ രാജ്യസഭാംഗത്വം നിലനിൽക്കുമോയെന്നതിൽ മറുപടി പറയേണ്ടത് നിതീഷും കൂട്ടരുമാണെന്നാണ് ശരദ് യാദവ് പക്ഷത്തിൻറ്റെ നിലപാട്. നിതീഷ് കുമാർ വിഭാഗം നടത്തിയ ജെഡിയു തിരഞ്ഞെടുപ്പ് അസാധുവാക്കിയ ശരത് യാദവ് വിഭാഗം ഇടക്കാല ഭാരവാഹികളെ നിയമിച്ചു. ചോട്ടു ഭായ് വസവയാണ് ആക്ടിങ് പ്രസിഡന്റ്. സംസ്ഥാന പ്രസിഡന്റായി വീരേന്ദ്രകുമാറിനെയും നിയമിച്ചിട്ടുണ്ട്. കേരളത്തിൽ നിന്ന് ജോർജ് വർഗീസ് ജനറൽ സെക്രട്ടറിയും എംവി ശ്രേയാംസ് കുമാർ സെക്രട്ടറിയുമായി. യുവജന വിഭാഗം ദേശിയ പ്രസിഡന്റായി സലിം മടവൂരിനേയും തീരുമാനിച്ചു.