കത്തിമുനയില്‍ നിര്‍ത്തി യാത്രക്കാരനെ കൊള്ളയടിച്ചു; ഊബര്‍ ഡ്രൈവറടക്കം രണ്ട് പേര്‍ അറസ്റ്റില്‍
|ജോണാപൂരിലെ ഒരു പ്രൊഡക്ഷന്‍ കമ്പനിയില്‍ അക്കൌണ്ടന്റായി ജോലി ചെയ്യുന്ന കൌശല്‍ കുമാര്‍ ശര്‍മ്മ എന്നയാളുടെ പണവും മറ്റ് സാധനങ്ങളുമാണ് ഡ്രൈവര്‍ കവര്‍ന്നത്
കത്തിമുനയില്‍ യാത്രക്കാരനെ ഭീഷണിപ്പെടുത്തി ലാപ്ടോപ്പും മൊബൈല്‍ ഫോണും പണവും കവര്‍ന്ന കേസില്‍ ഊബര്‍ ഡ്രൈവറടക്കം രണ്ട് പേര്‍ അറസ്റ്റില്‍. ഡ്രൈവറായ രേഹന്‍ ഖാന്‍(23), രഞ്ജന്‍ സിംഗ്(21), രവി ശങ്കര്‍ ശര്‍മ്മ(18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മാളവിയ നഗറില്‍ ജനുവരി 19നാണ് സംഭവം നടന്നത്. ജോണാപൂരിലെ ഒരു പ്രൊഡക്ഷന്‍ കമ്പനിയില്‍ അക്കൌണ്ടന്റായി ജോലി ചെയ്യുന്ന കൌശല്‍ കുമാര്‍ ശര്‍മ്മ എന്നയാളുടെ പണവും മറ്റ് സാധനങ്ങളുമാണ് ഡ്രൈവര്‍ കവര്‍ന്നത്. സംഭവദിവസം ഓട്ടോ റിക്ഷക്കായ ഓക്ല ഫേസില്‍ നില്‍ക്കുകയായിരുന്നു കൌശല്‍. ഈ സമയം രേഹനും കൂട്ടുകാരും കാറുമായെത്തുകയായിരുന്നു. കാര്‍ കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ കൌശലിനെ കത്തിമുനയില്‍ നിര്‍ത്തി കയ്യിലുണ്ടായിരുന്നതെന്നതെല്ലാം അക്രമികള്‍ കവര്‍ന്നെടുത്തു. ലാപ്ടോപ്, മൊബൈല്‍ ഫോണ്‍, 4,500 രൂപ, എടിഎം കാര്‍ഡ് എന്നിവയാണ് നഷ്ടപ്പെട്ടത്. അതിന് ശേഷം കൌശലിനെ സാക്കറ്റിലുള്ള ജി ബ്ലോക്കില്‍ ഇറക്കി വിടുകയും ചെയ്തു. കൌശല്‍ ഉടനെ തന്നെ പൊലീസില്‍ പരാതിപ്പെടുകയും ചെയ്തു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ രേഹന്‍ ഖാനെ ഓക്ലയില്‍ വച്ചും മറ്റ് രണ്ട് പേരെ ജയ്ത്പൂരില്‍ വച്ചും പൊലീസ് പിടികൂടുകയും ചെയ്തു.