ആര്‍കെ നഗറില്‍ 59 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്ത്
|145 പേരാണ് ആര്‍കെ നഗറില്‍ പത്രിക നല്‍കിയത്. ഇതില്‍ നടന് വിശാല്‍, ജയലളിതയുടെ ബന്ധു ദീപ ജയകുമാര്‍ എന്നിവരുടേതടക്കം 73 പത്രികകള്‍ വരാണാധികാരി തള്ളി
തമിഴ്നാട്ടിലെ ആര്‍കെ നഗറില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ 59 സ്ഥാനാര്‍ഥികള്‍ മത്സര രംഗത്ത്. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിനമായിരുന്ന ഇന്നലെ 13 പേര് പത്രിക പിന്‍വലിച്ചു. പ്രമുഖ കക്ഷികളുടെ സ്ഥാനാര്‍ഥികളെല്ലാം മണ്ഡലത്തില്‍ ആദ്യഘട്ട പ്രചാരണം ആരംഭിച്ചു.
145 പേരാണ് ആര്‍കെ നഗറില്‍ പത്രിക നല്‍കിയത്. ഇതില്‍ നടന് വിശാല്‍, ജയലളിതയുടെ ബന്ധു ദീപ ജയകുമാര്‍ എന്നിവരുടേതടക്കം 73 പത്രികകള്‍ വരാണാധികാരി തള്ളി. വിശാല്‍ മത്സരത്തില്‍ നിന്ന് ഒഴിവായതോടെ ശക്തമായ ത്രികോണ മത്സരത്തിനാണ് ആര്‍കെ നഗര്‍ ഒരുങ്ങുന്നത്. അണ്ണാഡിഎംകെ സ്ഥാനാര്‍ഥി ഇ. മധുസൂദനന്, ഡിഎംകെ സ്ഥാനാര്‍ഥി മരുതു ഗണേഷ്, സ്വതന്ത്രനായി മത്സര രംഗത്തുള്ള ടിടിവി ദിനകരന് എന്നിവര്‍ തമ്മിലാണ് പ്രധാന മത്സരം.
തൊപ്പി ചിഹ്നത്തിന് കൂടുതല്‍ പേര് അവകാശ വാദം ഉന്നയിച്ചതോടെ, ഈ ചിഹ്നവും വരണാധികാരി മരവിപ്പിച്ചു. പ്രഷര്‍ കുക്കറാണ് ദിനകരന് അനുവദിച്ചിട്ടുള്ളത്. കൂടാതെ രണ്ട് അപരന്മാരുടെ ഭീഷണി കൂടി ദിനകരനുണ്ട്. ഇ മധുസൂദനന് ഒരു അപരനും രംഗത്തുണ്ട്. വരും ദിവസങ്ങളില്‍ ദേശീയ സംസ്ഥാന നേതാക്കള്‍ മണ്ഡലത്തില്‍ പ്രചാരണത്തിനായി എത്തും. ഡിസംബര്‍ 21നാണ് തെരഞ്ഞെടുപ്പ്. 24ന് വോട്ടെണ്ണും.