India
നുഴഞ്ഞുകയറ്റത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്: അതിര്‍ത്തിയില്‍ കര്‍ശന സുരക്ഷനുഴഞ്ഞുകയറ്റത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്: അതിര്‍ത്തിയില്‍ കര്‍ശന സുരക്ഷ
India

നുഴഞ്ഞുകയറ്റത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്: അതിര്‍ത്തിയില്‍ കര്‍ശന സുരക്ഷ

Sithara
|
22 April 2018 1:15 PM GMT

1999ലേതിന് സമാനമായി നുഴഞ്ഞ് കയറ്റമുണ്ടായേക്കുമെന്നാണ് മിലിറ്ററി ഇന്റലിജന്‍സിന്‍റെ റിപ്പോര്‍ട്ട്.

രാജ്യത്ത് നുഴഞ്ഞ് കയറ്റമുണ്ടാവാനുള്ള സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി. 1999ലേതിന് സമാനമായി നുഴഞ്ഞ് കയറ്റമുണ്ടായേക്കുമെന്നാണ് മിലിറ്ററി ഇന്റലിജന്‍സിന്‍റെ റിപ്പോര്‍ട്ട്.

ഖത്തുവാ, അഖ്നൂര്‍ മേഖലകളില്‍ നുഴഞ്ഞ് കയറ്റത്തിന് തയ്യാറായി നൂറ് കണക്കിന് തീവ്രവാദികള്‍ നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് മിലിറ്ററി ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കശ്മീരിന് പുറമേ പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന രാജസ്ഥാന്‍, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിലും സുരക്ഷ ശക്തമാക്കി. ഉറിയിലെ ആക്രമണത്തിന് ശേഷം 7 നുഴഞ്ഞ് കയറ്റശ്രമങ്ങള്‍ പരാജയപ്പെടുത്തിയെന്നും 11 തീവ്രവാദികളെ വധിച്ചുവെന്നും സൈന്യം അറിയിച്ചു. നിയന്ത്രണരേഖയില്‍ പ്രകോപനം ഉണ്ടായാല്‍ ശക്തമായി തിരിച്ചടിക്കാനാണ് സൈന്യത്തിനുള്ള നിര്‍ദേശം.

ഉറി ആക്രമണത്തില്‍ പാകിസ്താനുള്ള പങ്കിന് ഇന്ത്യ കൈമാറിയ തെളിവുകള്‍ തള്ളിയതിന് പിന്നാലെ ആക്രമണം ഇന്ത്യ ആസൂത്രണം ചെയ്തതാണെന്ന ആരോപണം പാകിസ്താന്‍ ശക്തമാക്കി. കശ്മീരിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പ്രക്ഷോഭം ശക്തമാക്കുമെന്ന് ഹുറിയത്ത് കോണ്‍ഫ്രന്‍സ് പ്രഖ്യാപിച്ചിട്ടുണ്ട്. എഴുപത്തിയാറാം ദിവസവും തുടരുന്ന സംഘര്‍ഷത്തില്‍ ഇന്നലെയും നിരവധി പേര്‍ക്ക് പരിക്കേറ്റു. ഒന്‍പതിടങ്ങളില്‍ ഇന്ന് ഹുറിയത്ത് കോണ്‍ഫ്രന്‍സ് ഫ്രീഡം മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്. ഈ മാസം 29ന് സംസ്ഥാനത്ത് ആസാദി കോണ്‍ഫ്രന്‍സ് നടത്താനും ഹുറിയത്ത് തീരുമാനമെടുത്തിട്ടുണ്ട്.

Similar Posts