മോദി സര്‍ക്കാറിന്റെ നേട്ടങ്ങള്‍ താഴെ തട്ടില്‍ എത്തിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് അമിത്ഷാ
|ദേശീയ നേതാക്കളുടേയും സംസ്ഥാന ഭാരവാഹികളുടേയും യോഗത്തിലായിരുന്നു അമിത്ഷായുടെ....
നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനോപകാര പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ബിജെപി നേതാക്കള്‍ക്ക് കഴിഞ്ഞില്ലെന്ന് ദേശീയ നേതൃയോഗത്തില്‍ വിമര്‍ശം. ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് വിമര്‍ശമുന്നയിച്ചത്. ദേശീയ ഭാരവാഹികളുടെയും സംസ്ഥാനത്ത്നിന്നുള്ള പ്രതിനിധികളുടെയും യോഗം പുരോഗമിക്കുകയാണ്.
കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ജനക്ഷേമ പദ്ധതികള്‍ ജനങ്ങളിലെത്തിക്കാന്‍ നേതാക്കള്‍ നേരിട്ട് ഇറങ്ങണമെന്ന നിര്‍ദേശമാണ് ദേശീയ നേതൃയോഗത്തില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ നടത്തിയത്. ഇത് ജനങ്ങളിലെത്തിക്കാന്‍ സാധിച്ചില്ല. നേതാക്കള്‍ ബൂത്ത് തലങ്ങളില്‍ ഇറങ്ങി പ്രവര്‍ത്തിക്കണം. ജന്‍ ഔഷധിയടക്കം ഒട്ടേറെ പദ്ധതികളുടെ പ്രയോജനം ജനങ്ങളിലെത്തിക്കണം എന്ന നിര്‍ദേശവും ഉയര്‍ന്നു തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ ഈ പദ്ധതികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ജനക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നതില്‍ നേതാക്കള്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഗരീബി കല്യാണ്‍ ഏത് രീതിയില്‍ ആവിഷ്കരിക്കണമെന്ന് കാര്യവും യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഈ യോഗം നാളെയും തുടരും.