India
ജെഡിയു ദേശീയ നിര്‍വ്വാഹക സമിതി ഇന്ന്ജെഡിയു ദേശീയ നിര്‍വ്വാഹക സമിതി ഇന്ന്
India

ജെഡിയു ദേശീയ നിര്‍വ്വാഹക സമിതി ഇന്ന്

Subin
|
22 April 2018 10:26 AM GMT

ബീഹാറില്‍ ആര്‍ജെഡി, കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ച ശേഷം ആദ്യമായാണ് ജെഡിയു ദേശീയ നിര്‍വ്വാഹക സമിതി യോഗം ചേരുന്നത്.

നിര്‍ണ്ണായകമായ ജെഡിയു ദേശീയ നിര്‍വ്വാഹക സമിതി യോഗം ഇന്ന്. പട്‌നയില്‍ ചേരുന്ന യോഗം മഹാസഖ്യം പിരിഞ്ഞ് ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നിതീഷ് കുമാറിന്റെ തീരുമാനത്തിന് അംഗീകാരം നല്‍കും. എന്‍ഡിഎയില്‍ ഔദ്യോഗികമായി ചേരുന്നതിലുള്ള അന്തിമ തീരുമാനവും യോഗം കൈക്കൊള്ളും. യോഗത്തില്‍ വിമത നേതാവ് ശരദ് യാദവിനും ക്ഷണമുണ്ട്. എന്നാല്‍ വിമത നേതാക്കളുടെ യോഗം സമാന്തരമായി വിളച്ച് ചേര്‍ക്കാനാണ് ശരദ് യാദവിന്റെ നീക്കം.

ബീഹാറില്‍ ആര്‍ജെഡി, കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ച ശേഷം ആദ്യമായാണ് ജെഡിയു ദേശീയ നിര്‍വ്വാഹക സമിതി യോഗം ചേരുന്നത്. മഹാസഖ്യം ഉപേക്ഷിച്ചതിന്റെ പേരില്‍ നിതീഷ് കുമാറിനെതിരെ മുതിര്‍ന്ന നേതാവ് പരസ്യമായി രംഗത്ത് വരികയും, ശരദ് യാദവ് പക്ഷത്തെ നിരവധി നേതാക്കളെ നിതീഷ് പക്ഷം പുറത്താക്കുകയും ചെയ്തിരുന്നു. ജെഡിയുവില്‍ തന്റെ അപ്രമാദിത്യം ഉറപ്പിക്കുകയെന്നതാണ് ദേശീയ നിര്‍വ്വാഹക സമതി യോഗത്തിലൂടെ നിതീഷ് കുമാര്‍ ഉദ്ദേശിക്കുന്നത്. അതിനാല്‍ ബിജെപിയുമായി ചേര്‍ന്നുള്ള സര്‍ക്കാര്‍ രൂപീകരണത്തിന് നിര്‍വ്വാഹക സമിതി അംഗീകാരം നല്‍കും.

കേന്ദ്ര മന്ത്രിസഭയില്‍ അംഗമായി എന്‍ഡിഎയുടെ ഔദ്യോഗിക ഘടകക്ഷിയാക്കാനുള്ള തീരുമാനവും യോഗം കൈക്കൊള്ളും. ശരദ് യാദവ് നടത്തുന്ന വിമത നീക്കങ്ങളെ എങ്ങനെ നേരിടണമെന്ന് യോഗം ചര്‍ച്ച ചെയ്യും. ആഗസ്ത് 26ന് ആര്‍ജെഡി നടത്തുന്ന റാലിക്ക് ബദല്‍ റാലി നടത്തുന്ന കാര്യവും ചര്‍ച്ചയാകും. ക്ഷണമുണ്ടെങ്കിലും ശരദ് യാദവ് യോഗത്തില്‍ പങ്കെടുക്കില്ല. പകരം ഒപ്പം നില്‍ക്കുന്ന നേതാക്കളുടെ യോഗം സമാന്തരമായി വിളിച്ച് ചേര്‍ക്കുമെന്നാണ് വിവരം. യഥാര്‍ത്ഥ ജെഡിയു തങ്ങളാണെന്നാണ് ശരദ് യാദവ് പക്ഷത്തിന്റെ വാദം. അടുത്തയാഴ്ച ജെഡിയുവിന്റെ തെരഞ്ഞെടുപ്പ് ചിഹ്നത്തില്‍ അവകാശവാദമുന്നയിച്ച് ശരദ് യാദവ പക്ഷം തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടേക്കും.

Related Tags :
Similar Posts