India
ആമസോണിനെ പറ്റിച്ച് 50 ലക്ഷം തട്ടിയ യുവാവ് പിടിയില്‍ആമസോണിനെ പറ്റിച്ച് 50 ലക്ഷം തട്ടിയ യുവാവ് പിടിയില്‍
India

ആമസോണിനെ പറ്റിച്ച് 50 ലക്ഷം തട്ടിയ യുവാവ് പിടിയില്‍

Sithara
|
22 April 2018 6:32 PM GMT

ഓണ്‍ലൈന്‍ വ്യാപാര സൈറ്റായ ആമസോണിനെ കബളിപ്പിച്ച് 50 ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് പിടിയില്‍.

ഓണ്‍ലൈന്‍ വ്യാപാര സൈറ്റായ ആമസോണിനെ കബളിപ്പിച്ച് 50 ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് പിടിയില്‍. ന്യൂഡല്‍ഹി സ്വദേശിയായ 21കാരന്‍ ശിവം ചോപ്രയാണ് ആമസോണിനെ 166 തവണ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തത്. ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദ വിദ്യാര്‍ഥിയാണ് ശിവം.

ആമസോണില്‍ നിന്ന് വിലകൂടിയ ഫോണുകള്‍ ഓര്‍ഡര്‍ ചെയ്ത് കൈപ്പറ്റും. എന്നിട്ട് തനിക്ക് ഫോണ്‍ ലഭിച്ചില്ലെന്നും കാലിയായ പെട്ടിയാണ് ലഭിച്ചതെന്നും കാണിച്ച് ആമസോണില്‍ നിന്ന് പണം തട്ടുകയാണ് ശിവം ചോപ്ര ചെയ്തിരുന്നത്. കൈപ്പറ്റിയ ഫോണാകട്ടെ മറിച്ചുവില്‍ക്കുകയായിരുന്നു പതിവ്. ഈ വര്‍ഷം ഏപ്രില്‍- മെയ് മാസത്തിനിടെ 50 ലക്ഷത്തോളം രൂപയാണ് ഇയാള്‍ ആമസോണിനെ കബളിപ്പിച്ച് തട്ടിയെടുത്തത്.

മാര്‍ച്ചിലാണ് ആദ്യമായി ഫോണ്‍ വാങ്ങി ശിവം ആമസോണിനെ പറ്റിച്ചത്. രണ്ട് ഫോണുകള്‍ ഓര്‍ഡര്‍ ചെയ്ത് കൈപ്പറ്റിയ ശേഷം തനിക്ക് ലഭിച്ച പെട്ടിയില്‍ ഫോണ്‍ ഇല്ലായിരുന്നുവെന്ന് ആമസോണിന് പരാതി അയച്ചു. പണം തിരികെ ലഭിച്ചതോടെ വ്യാജപേരുകളില്‍ ഫോണുകള്‍ ഓര്‍ഡര്‍ ചെയ്യാന്‍ തുടങ്ങി. ഇതിനായി വ്യാജ വിലാസങ്ങള്‍ നല്‍കി. ഫോണ്‍ കൈമാറാന്‍ വിലാസം കണ്ടെത്താനാകാതെ വിതരണക്കാരന്‍ മടങ്ങിയ ശേഷം അങ്ങോട്ട് ഫോണില്‍ വിളിച്ച് മറ്റൊരിടത്ത് ഫോണ്‍ എത്തിക്കാന്‍ ആവശ്യപ്പെടും. 166 തവണ ശിവം ആമസോണിനെ പറ്റിച്ചത് ഇങ്ങനെയാണ്.

19 മൊബൈല്‍ ഫോണുകളും 12 ലക്ഷം രൂപയും 40 ബാങ്ക് പാസ് ബുക്കുകളും പൊലീസ് ഇയാളില്‍ നിന്ന് പിടികൂടി. ഇയാള്‍ മറ്റൊരാളെ സൂക്ഷിക്കാന്‍ ഏല്‍പിച്ച 10 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തു. ശിവയ്ക്ക് 141 വ്യാജ സിം കാര്‍ഡികള്‍ നല്‍കിയ മൊബൈല്‍ കടയുടമ സച്ചിന്‍ ജെയിനിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

Similar Posts