ഓഖിയുടെ പേരില്‍ പരിഭ്രാന്തി പരത്തി പഴയ വീഡിയോ
|മുംബൈയിലെ പ്രസിദ്ധമായ ബാന്ദ്ര വര്‍ളി കടല്പാലം പൂര്‍ണ്ണമായും തിരവിഴുങ്ങിയെന്ന നിലയിലുള്ള കാഴ്ച്ചകളാണ് വീഡിയോയിലുള്ളത്...
മഹരാഷ്ട്ര തീരം വഴി സൂറത്തിലേക്ക് ഓഖി ചുഴലിക്കാറ്റ് പോകുമെന്ന പ്രതീക്ഷയിലാണ് കാലാവസ്ഥാ നിരീക്ഷകര്‍. നിലവില്‍ സൂറത്തില്‍ നിന്നും 390 കിലോമീറ്റര്‍ അകലെ അറബിക്കടലിലാണ് ഓഖി ചുഴലിക്കാറ്റുള്ളതെന്നാണ് കരുതപ്പെടുന്നത്. കേരളത്തിലേയും തമിഴ്നാട്ടിലേയും ലക്ഷദ്വീപിലേയും നാശനഷ്ടങ്ങളുടെ പശ്ചാത്തലത്തില്‍ വലിയ മുന്‍കരുതലുകളാണ് മുംബൈയിലും ഗുജറാത്തിലെ സൂറത്തിലും എടുത്തിട്ടുള്ളത്. ഇതിനിടെ മുംബൈയിലേത് എന്ന പേരില്‍ പഴയ വീഡിയോ പ്രചരിക്കുന്നത് പരിഭ്രാന്തി പരത്തുന്നുണ്ട്.
മുംബൈ തീരത്തു നിന്നുള്ള ദൃശ്യമെന്ന നിലയിലാണ് സോഷ്യല്‍ മീഡിയയിലൂടെ അതിവേഗം വീഡിയോ പ്രചരിക്കുന്നത്. മുംബൈയിലെ പ്രസിദ്ധമായ ബാന്ദ്ര വര്‍ളി കടല്പാലം പൂര്‍ണ്ണമായും തിരവിഴുങ്ങിയെന്ന നിലയിലാണ് വീഡിയോ പ്രചരിക്കുന്നത്. ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് മുംബൈ മേഖലയില്‍ കനത്ത മഴ തുടരുന്നതിനിടെയാണ് വീഡിയോ പ്രചരിക്കുന്നത്. മുംബൈയിലെ മാത്രമല്ല ഗോവയിലെ ബീച്ചില്‍ നിന്നുള്ള ദൃശ്യമാണെന്ന നിലയിലും ഇത് പ്രചരിക്കുന്നുണ്ട്.
വലിയ തിരകള്‍ ആഞ്ഞടിക്കുന്നതിനിടെ കടല്‍ പാലം പോലെ തോന്നിക്കുന്ന പ്രദേശത്ത് ഒരാള്‍ നില്ക്കുന്നതും പുറകിലായി മറ്റൊരാള്‍ ബൈക്കില്‍ നില്ക്കുന്നതും വീഡിയോയിലുണ്ട്. മുന്നില്‍ നില്‍ക്കുന്നയാളെ ആഞ്ഞടിച്ചെത്തിയ തിര തള്ളിവീഴ്ത്തുന്നതും വീഡിയോയിലുണ്ട്. സത്യത്തില്‍ കഴിഞ്ഞ ആഗസ്ത് 24ന് ലക്ഷദ്വീപില്‍ നിന്നെടുത്ത ദൃശ്യമാണിതെന്നതാണ് വിവരം. മിനിക്കോയി കിഴക്കന്‍ ബോട്ട് ജെട്ടിയില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്. എന്തായാലും ഇത് മുംബൈയില്‍ നിന്നുള്ള ദൃശ്യങ്ങളല്ലെന്ന കാര്യത്തില്‍ ഉറപ്പിക്കാം.