രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വര്‍ഗീയത തന്നെയാണെന്ന് സുധാകര്‍ റെഡ്ഡി
|അതിനാലാണ് കോണ്‍ഗ്രസിന്റെ സാമ്പത്തിക നയത്തിനോട് വിയോജിപ്പുണ്ടായിട്ടും ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസടക്കമുള്ള പാര്‍ട്ടികളുമായി സഹകരിക്കണമെന്ന് സിപിഐ പറയുന്നതെന്നും റെഡ്ഡി മീഡിയവണിനോട് പറഞ്ഞു
രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വര്‍ഗീയത തന്നെയാണെന്ന് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി. അതിനാലാണ് കോണ്‍ഗ്രസിന്റെ സാമ്പത്തിക നയത്തിനോട് വിയോജിപ്പുണ്ടായിട്ടും ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസടക്കമുള്ള പാര്‍ട്ടികളുമായി സഹകരിക്കണമെന്ന് സിപിഐ പറയുന്നതെന്നും റെഡ്ഡി മീഡിയവണിനോട് പറഞ്ഞു.
സിപിഎമ്മിന്റേതിനു വിരുദ്ധമായി ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസുമായി സഹകരണം ആകാമെന്നാണ് സിപിഐയുടെ ദേശിയതലത്തില്‍ തന്നെയുള്ള നിലപാട്. സിപിഎമ്മിലെ കാരാട്ട് പക്ഷം കോണ്‍ഗ്രസുമായുള്ള സഹകരണത്തെ എതിര്‍ക്കുന്നത് സാന്പത്തിക നയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്. എന്നാല്‍ സാമ്പത്തിക നയം ഉയര്‍ത്തുന്ന ഭീഷണിയേക്കാള്‍ വലുത് വര്‍ഗീയതയാണെന്ന് സിപിഐ പറയുന്നു.
അതേസമയം കോണ്‍ഗ്രസിന്റെ പേര് പരാമര്‍ശിക്കാതെയാണ് ഇക്കാര്യത്തിലെ നിലപാട് കൊല്ലം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള രാഷട്രീയ പ്രമേയത്തിന്റെ കരടില്‍ പാര്‍ട്ടി വിശദീകരിക്കുന്നത്. സംസ്ഥാനതലങ്ങളില്‍ ദേശീയ സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്താവും സിപിഐ അടവു നയം സ്വീകരിക്കുക. ജനപ്രതിനിധി സഭകളില്‍ കഴിയാവുന്നത്ര പാര്‍ട്ടിയുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നത് കൂടി ലക്ഷ്യമിട്ടുള്ള സമീപനമാണ് ഇക്കാര്യത്തില്‍ പാര്‍ട്ടിയുടേതെന്നും അദ്ദേഹം പറഞ്ഞു.