മദ്യപിച്ച് വിമാനം പറത്തിയ പൈലറ്റുമാരെ സസ്പെന്‍ഡ് ചെയ്തു
|ഷാര്‍ജയില്‍ നിന്നും കോഴിക്കോടെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന്റെ പൈലറ്റാണ് സസ്പെന്ഷനിലായവരിലൊരാളെന്നാണ് സൂചന
മദ്യപിച്ച് വിമാനം പറത്തിയതായി കണ്ടെത്തിയ രണ്ട് പൈലറ്റുമാരെ സസ്പെന്‍ഡ് ചെയ്തു. എയര്‍ ഇന്ത്യയുടെയും ജെറ്റ് എയര്‍വേസിന്റെയും പൈലറ്റുമാരാണ് സസ്പെന്‍ഷനിലായത്, വിദേശ രാജ്യങ്ങളില്‍ നിന്നും പുറപ്പെട്ട വിമാനങ്ങള്‍ നിലത്തിറങ്ങിയ ശേഷം നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഷാര്‍ജയില്‍ നിന്നും കോഴിക്കോടെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന്റെ പൈലറ്റാണ് സസ്പെന്‍ഷനിലായ പൈലറ്റുമാരിലൊരാളെന്നാണ് സൂചന. പൈലറ്റുമാര്‍ക്കെതിരെ ബന്ധപ്പെട്ട കേന്ദ്രങ്ങളിലെ പൊലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ എയര്‍ ഇന്ത്യക്കും ജെറ്റ് എയര്‍ലൈന്‍സിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജോലി ആരംഭിക്കുന്നതിന് മുന്‍പ് പൈലറ്റുമാരെ ബ്രീത്ത് അനലൈസര്‍ പരിശോധനക്ക് വിധേയരാക്കുന്നത് പതിവാണെങ്കിലും വിമാനം നിലത്തിറക്കിയ ഉടന്‍ തന്നെ പരിശോധന നടത്തുന്നത് അപൂര്‍വ്വമാണ്. സസ്പെന്‍ഷനിലായ രണ്ട് പൈലറ്റുമാരും നേരത്തെയും മദ്യ പരിശോധനയില്‍ പിടിക്കപ്പെട്ടിട്ടുള്ളവരാണെന്നാണ് സൂചന. ജോലി ആരംഭിക്കുന്നതിന് മുന്‍പ് നടത്തിയ പരിശോധനയിലാണ് നേരത്തെ ഇരുവരും പിടിക്കപ്പെട്ടിരുന്നത്. ആരോപണവിധേയനായ പൈലറ്റിന്റെ സേവനം അവസാനിപ്പിച്ചതായി ജെറ്റ് എയര്‍ലൈന്‍സ് അറിയിച്ചു.