ഇന്ത്യയുടെ പൗരാണിക ജ്ഞാനത്തിന് ലോകത്തെ സമാധാനത്തിലേയ്ക്ക് നയിക്കാനാവുമെന്ന് ദലൈലാമ
|മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലില്‍ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയതായിരുന്നു ലാമ
അഹിംസയുടെ ആയിരം വര്‍ഷത്തെ പാരമ്പര്യം ഭാരതത്തിനുണ്ടെന്നും ഇന്ത്യയുടെ പൌരാണിക ജ്ഞാനത്തിലൂടെ ലോകത്തെ സമാധാനത്തിലേക്ക് നയിക്കാനാവുമെന്നും ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലില്‍ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയതായിരുന്നു ലാമ.
ഭീകരര്‍ക്ക് മതമില്ലെന്നും, ലോകത്ത് മുസ്ലീം തീവ്രവാദിയോ ക്രിസ്ത്യന്‍ തീവ്രവാദിയോ ഇല്ലെന്നും ദലൈ ലാമ പറഞ്ഞു. മതവിശ്വാസം പുലര്‍ത്തുന്നതും മതപ്രചാരണം നടത്തുന്നതും തമ്മില്‍ ഏറെ വ്യത്യാസമുണ്ട്. ഒരാളുടെ മതം ഏതായാലും തീവ്രവാദം സ്വീകരിച്ചുകഴിഞ്ഞാല്‍ അയാളുടെ മതത്തിന് പ്രസക്തി നഷ്ടപ്പെടുന്നു. ലോകത്തെ ഓരോ മതത്തിനും വ്യത്യസ്ത വിശ്വാസങ്ങളുണ്ടാകാം അത് സംരക്ഷിക്കേണ്ടത് വളരെ അനിവാര്യമാണ്. ഒരു വിഭാഗങ്ങളില്‍പ്പെട്ടവര്‍ മറ്റ് വിഭാഗങ്ങളിലുള്ളവരെ മത പരിവര്‍ത്തനം നടത്തുന്നത് ശരിയായ കാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയും ചൈനയും മഹത്തായ രണ്ടു രാജ്യങ്ങളാണ്. അതിര്‍ത്തിയില്‍ ചില പ്രശ്‌നങ്ങളുണ്ട്. എന്നാല്‍ അത് ഗൗരവതരമായ ഒരു സ്ഥിതിയിലേയ്ക്ക് നീങ്ങുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചരിത്രപരമായി ഇന്ത്യ വ്യത്യസ്ത മതങ്ങളുള്ള രാജ്യമാണ്. ഒരു ലക്ഷത്തോളം ടിബറ്റന്‍കാര്‍ക്ക് ഇന്ത്യ വീടാണെന്നും ദലൈലാമ പറഞ്ഞു.