പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം ഇന്ന് സമാപിക്കും
|റാഫേല്‍ ഇടപാട്, പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പരിഹാസം അടക്കമുള്ള വിഷയങ്ങളില്‍ ഇരു സഭകളിലും പ്രതിപക്ഷം പ്രതിഷേധിക്കും
പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടത്തിന് ഇന്ന് സമാപനമാകും. റാഫേല്‍ ഇടപാട്, പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പരിഹാസം അടക്കമുള്ള വിഷയങ്ങളില്‍ ഇരു സഭകളിലും പ്രതിപക്ഷം പ്രതിഷേധിക്കും. പ്രധാനമന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുത്താന്‍ പ്രതിപക്ഷം ശ്രമിച്ചന്ന മറുവാദം ഉന്നയിച്ചാകും സര്‍ക്കാര്‍ പ്രതിരോധിക്കുക.
റാഫേല്‍ ഇടപാടില്‍ സര്‍ക്കാര്‍ ഉത്തരം പറഞ്ഞേ തീരു എന്നാണ് കോണ്‍ഗ്രസ്സ് ഉള്‍പ്പെടുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട്. വിമാനങ്ങള്‍ ഓരോന്നിനും എത്ര രൂപയാണ് നല്‍കിയത് എന്നതടക്കമുള്ള കൃത്യമായ വിശദാംശം പാര്‍ലമെന്റിനെ ബോധിപ്പിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് ഇന്നലെ ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയുടെ വിശദീകരണത്തിനിടെ കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് വിവരം പുറത്ത് വിടാത്തതെന്നാണ് സര്‍ക്കാര്‍ വാദം. നിലപാട് മാറ്റത്തിന് സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ വിഷയത്തില്‍ പ്രതിപക്ഷം ഇരു സഭകളിലും പ്രതിഷേധം തുടരും.
പ്രധാനമന്ത്രി പ്രസംഗത്തിനിടെ കോണ്‍ഗ്രസ് എംപി രേണുകാ ചൌധരിയെ അപമാനിച്ച് പരാമര്‍ശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഇന്നലെ കോണ്‍ഗ്രസ് ഇരു സഭകളിലും പ്രതിഷേധിച്ചിരുന്നു. ഇതും ഇന്ന് തുടര്‍ന്നേക്കും. മോദിയുടെ പ്രസംഗം തടസ്സപ്പെടുത്താന്‍ പ്രതിപക്ഷം ശ്രമിച്ചെന്നാരോപിച്ച് കൊണ്ടാകും ഭരണപക്ഷം ഇതിനെ പ്രതിരോധിക്കുക. ഇന്നലെ ഇരു സഭകളിലും സര്‍ക്കാര്‍ ഈ നിലപാടാണ് സ്വീകരിച്ചത്.
പ്രത്യേക പദവി അടക്കം ആന്ധ്ര പ്രദേശിന് നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ എന്‍ഡിഎ കക്ഷിയായ തെലുങ്ക് ദേശം പാര്‍ട്ടിയും ഒപ്പം വൈഎസ്ആര്‍ കോണ്‍ഗ്രസും ഇന്നും പ്രതിഷേധം തുടരും.