India
ഗുല്‍ബര്‍ഗ് കൂട്ടക്കൊല: യഥാര്‍ഥ കുറ്റവാളികള്‍ അഴിക്ക് പുറത്തോ ?ഗുല്‍ബര്‍ഗ് കൂട്ടക്കൊല: യഥാര്‍ഥ കുറ്റവാളികള്‍ അഴിക്ക് പുറത്തോ ?
India

ഗുല്‍ബര്‍ഗ് കൂട്ടക്കൊല: യഥാര്‍ഥ കുറ്റവാളികള്‍ അഴിക്ക് പുറത്തോ ?

admin
|
23 April 2018 2:10 PM GMT

പതിനാല് വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്കേസിലെ അന്തിമ വിധി വരുമ്പോഴും, കൂട്ടക്കൊലക്ക് ഒത്താശ ചെയ്ത രാഷ്ട്രീയ, ഭരണ നേതൃത്വം നിയമത്തിന് അതീതരായി കഴിയുകയാണ്.

പതിനാല് വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്കേസിലെ അന്തിമ വിധി വരുമ്പോഴും, കൂട്ടക്കൊലക്ക് ഒത്താശ ചെയ്ത രാഷ്ട്രീയ, ഭരണ നേതൃത്വം നിയമത്തിന് അതീതരായി കഴിയുകയാണ്. ഗുഢാലോചനക്കുറ്റം പോലും തെളിയിക്കപ്പെടാതെ പോകുമ്പോള്‍, പ്രത്യേകസംഘത്തിന്റെ അന്വേഷണത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ശരിയായിരുന്നുവെന്നും തെളിയിക്കപ്പെടുന്നു.

പോരാട്ടം അവസാനിക്കുന്നില്ല. പൂര്‍ണ്ണ നീതി ലഭിക്കും വരെ അത് തുടരും. ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്കേസിലെ വിധി വന്ന ശേഷം, കൊല്ലപ്പെട്ട മുന്‍ കോണ്‍ഗ്രസ് എംപി ഇഹ്സാന്‍ ജഫ്രിയുടെ വിധവ സാക്കിയ ജഫ്രിയുടെ വാക്കുകളാണിത്. മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിച്ച ഗുജറാത്ത് വംശഹത്യയുടെ ഇരകള്‍ നീതിക്കായി നടത്തിയ പോരാട്ടങ്ങളും, അന്വേഷണങ്ങളുടെ നാള്‍ വഴികളും ഓര്‍ക്കുമ്പോള്‍ ആ വാക്കുകള്‍ ഒട്ടും അതിശയോക്തിപരമല്ല.

ഗുജറാത്ത് വംശഹത്യയിലെ മറ്റ് കേസുകള്‍ പോലെ തന്നെ, ഗുല്‍ബര്‍ഗിലും ഭാഗിക നീതി നേടിയെടുക്കാന്‍ പോലും പതിനാല് വര്‍ഷങ്ങളുടെ നിയമ പോരാട്ടം അവര്‍ക്ക് നടത്തേണ്ടി വന്നു. തെളിവുകള്‍ പൂര്‍ണ്ണമായും നശിപ്പിച്ച ഗുജറാത്ത് പൊലീസിന്റെ പ്രാഥമിക അന്വേഷണം. ഒടുവില്‍ 2008 മാര്‍ച്ചില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച സുപ്രിം കോടതി ഉത്തരവ് വഴിത്തിരിവായി. മുന്‍ സിബിഐ ഡയറക്ടര്‍ ആര്‍കെ രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം വംശഹത്യക്കിടെ നടന്ന പത്ത് കൂട്ടക്കൊലക്കേസുകള്‍ പുനരന്വേഷിച്ചു. അപ്പോള്‍ മാത്രമാണ്, കൂട്ടക്കൊലകളില്‍ നേരിട്ട് പങ്കാളികളായവര്‍ പോലും നിയമത്തിന്റെ മുന്നിലെത്തിയത്. അപ്പോഴും അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിക്കും, ഉന്നത പൊലീസുദ്യോഗസ്ഥര്‍ക്കുമെതിരായ മൊഴികളും തെളിവുകളും മുഖവിലക്കെടുക്കാതെയാണ് അന്വേഷണ സംഘം മുന്നോട്ട് പോയത്.

കൊലയാളികള്‍ അഗ്നികുണ്ഡത്തിലേക്ക് വലിച്ചെറിയും മുമ്പ്, ഇഹ്സാന്‍ ജഫ്രി സഹായത്തിനായി കേണപേക്ഷിച്ച ഉന്നത രാഷ്ട്രീയക്കാരെയും, പൊലീസുകാരെയും അന്വേഷണം സംഘം സ്പര്‍ശിച്ചില്ല. ഈ വിട്ടുവീഴ്ചകളാണ്, പ്രതിപ്പട്ടികയില്‍ പേര് ചേര്‍ക്കപ്പെട്ട ഒരേയൊരു പൊലീസുദ്യോഗസ്ഥനും, ഉന്നത ബിജെപി നേതാവും കുറ്റവിമുക്തനാക്കപ്പെടുന്ന വിധിയിലേക്ക് എത്തിനില്‍ക്കുന്നത്. കൂട്ടക്കൊലക്ക് ഒത്താശ ചെയ്ത ഭരണ നേതൃത്വം കൂടുതല്‍ അധികാരത്തോടെ നിയമത്തിനധീതരായി കഴിയുമ്പോള്‍ സാകിയ ജഫ്രിയെ പോലെയുള്ള ഇരകള്‍ക്ക് നീതിക്ക് വേണ്ടി ഇനിയും ഒരുപാട് കാലം കാത്തിരിക്കേണ്ടി വരും.

Similar Posts