രാജ്യത്തെ മാധ്യമസ്വാതന്ത്ര്യം വീണ്ടും താഴോട്ട്; ലോകരാജ്യങ്ങളില്‍ ഇന്ത്യയുടെ റാങ്ക് 136
|നരേന്ദ്രമോദിയുടെ ദേശീയതാവാദവും മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ സ്വയം സെന്‍സര്‍ഷിപ്പുമാണ് രാജ്യത്തെ മാധ്യമസ്വാതന്ത്ര്യത്തെ താഴോട്ട് വലിക്കുന്നത് എന്നാണ് നിരീക്ഷണം.
ജനാധിപത്യ രാജ്യമാണെങ്കിലും, ലോകത്തെ 180 രാജ്യങ്ങളിലെ മാധ്യമസ്വാതന്ത്ര്യത്തെ പഠനവിധേയമാക്കിയതില്‍ ഇന്ത്യയുടെ സ്ഥാനം 136ാമത്. കഴിഞ്ഞ വര്‍ഷം പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 133 ആയിരുന്നു. നരേന്ദ്രമോദിയുടെ ദേശീയതാവാദവും മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ സ്വയം സെന്‍സര്‍ഷിപ്പുമാണ് രാജ്യത്തെ മാധ്യമസ്വാതന്ത്ര്യത്തെ താഴോട്ട് വലിക്കുന്നത് എന്നാണ് നിരീക്ഷണം. ആഗോള മാധ്യമ നിരീക്ഷണ വിഭാഗമായ റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുള്ളത്.
ബുധനാഴ്ചയാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. പാകിസ്താനേക്കാള്‍ മൂന്ന് പോയിന്റ് മാത്രമാണ് ഇന്ത്യ മുന്നിലുള്ളത്. എന്നാല്‍ എല്ലായ്പ്പോഴും സംഘര്‍ഷങ്ങളാല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്ക്കുന്ന പലസ്തീനേക്കാള്‍ പിറകിലാണ് ഇന്ത്യ. ഇന്ത്യയുടെ അയല്‍രാജ്യങ്ങളാണ് ഭൂട്ടാന്റെ സ്ഥാനം 84ാമത്. നേപ്പാളിന്റേതാകട്ടെ 100ാമതും.
രാജ്യത്ത് മാധ്യമപ്രവര്‍ത്തകരും വന്‍ തോതില്‍ വേട്ടയാടപ്പെടുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. ഓണ്‍ലൈന്‍ അപവാദപ്രചരങ്ങളും ഭീഷണികളും മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ഉയര്‍ന്നു വരുന്നു. സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ പ്രോസിക്യൂഷന് രംഗത്തുവരുന്നു. രാജ്യദ്രോഹകുറ്റം വരെ ചുമത്തുന്നു. ഭീഷണിയുള്ളതിനാല്‍ സ്വയം സെന്‍ഷര്‍ഷിപ്പിന് വരെ രാജ്യത്തെ മാധ്യമപ്രവര്‍ത്തകര്‍ നിര്‍ബന്ധിതരാകുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.
നോര്‍വെ, സ്വീഡന്, ഫിന്‍ലാന്‍ഡ്, ഡെന്മാര്ക്ക് എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ ആദ്യ നാലു സ്ഥാനത്തായുള്ളത്. അമേരിക്കയുടെ സ്ഥാനം 43ാമതാണ്. സ്വേച്ഛാധിപത്യത്തിലുള്ള സിംബാവേ പോലുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പോലും ഇന്ത്യയേക്കാള്‍ മെച്ചപ്പെട്ട മാധ്യമസ്വാതന്ത്ര്യമാണുള്ളത്. ചൈനയുടെ സ്ഥാനം 176 ആണ്. ഉത്തരകൊറിയയാണ് ഏറ്റവും പിന്നില്‍.