India
ഇതാണോ നമ്മുടെ കുട്ടികളെ പഠിപ്പിക്കേണ്ടത് ?ഇതാണോ നമ്മുടെ കുട്ടികളെ പഠിപ്പിക്കേണ്ടത് ?
India

ഇതാണോ നമ്മുടെ കുട്ടികളെ പഠിപ്പിക്കേണ്ടത് ?

Alwyn
|
25 April 2018 1:32 AM GMT

നിറത്തിന്റെ പേരിലുള്ള വിവേചനവും ക്രൂരതകളും സജീവ ചര്‍ച്ചാ വിഷയമാകുന്നിടത്ത് നമ്മുടെ കുട്ടികള്‍ എന്ത് പഠിക്കണം എന്നതിലും പൊളിച്ചെഴുത്തുകള്‍ ആവശ്യമാകുകയാണ്.

നിറത്തിന്റെ പേരിലുള്ള വിവേചനവും ക്രൂരതകളും സജീവ ചര്‍ച്ചാ വിഷയമാകുന്നിടത്ത് നമ്മുടെ കുട്ടികള്‍ എന്ത് പഠിക്കണം എന്നതിലും പൊളിച്ചെഴുത്തുകള്‍ ആവശ്യമാകുകയാണ്. കറുപ്പും വെളുപ്പും രണ്ടു നിറങ്ങള്‍ മാത്രമാണെങ്കിലും ഇന്ത്യയുടെ മണ്ണില്‍ വേരുറപ്പിച്ച ജാതീയതയെ നിര്‍ണയിക്കുന്നത് ഇവയാണെന്ന് വ്യക്തം. കറുത്തവന്‍ അടിമയും കാട്ടാനുമായി മുദ്രകുത്തപ്പെടുന്ന സമൂഹത്തില്‍ വെളുത്തവന്‍ യജമാനനും തമ്പുരാനുമാകും. നിറത്തിന്റെ രാഷ്ട്രീയം തുടങ്ങുന്നതും ഈ പ്രാകൃത കാഴ്ചപ്പാടില്‍ നിന്നു തന്നെയാണ്. പിച്ചവെച്ചു തുടങ്ങുന്ന പ്രായത്തില്‍ തന്നെ കുട്ടികളുടെ ഇളംമനസിലേക്ക് ഈ വിഷം കുത്തിവെക്കുന്നതും പാഠ്യവ്യവസ്ഥയുടെ ഭാഗമാക്കുന്നതും ജാതീയത പേറുന്നവരാണ്. കുറഞ്ഞപക്ഷം സാമൂഹിക നീതിയെങ്കിലും പഠിപ്പിക്കേണ്ട വിദ്യാലയങ്ങളില്‍ നമ്മുടെ കുട്ടികള്‍ എന്താണ് പഠിക്കുന്നത് ? രാജ്യത്തെ സ്കൂളുകളിലെ പാഠപുസ്‍തകങ്ങളില്‍ സൌന്ദര്യം നിര്‍വചിക്കുന്നത് നിറം മാനദണ്ഡമാക്കിയാണെന്നത് എത്രത്തോളം ആശാസ്യമാണെന്ന് ഇനിയെങ്കിലും ചിന്തിക്കേണ്ടിയിരിക്കുന്നു. വെളുത്തനിറവും നെറ്റിയിലണിയുന്ന ആഭരണവും ധരിച്ച് പുഞ്ചിരിയോടെ നില്‍ക്കുന്ന പെണ്‍കുട്ടിയുടെ ചിത്രത്തിന് താഴെ സുന്ദരിയെന്ന് നിര്‍വചിക്കുകയും കറുത്തവളും, വിലകുറഞ്ഞ വസ്ത്രം ധരിച്ച് ശോകഭാവത്തിലുള്ള പെണ്‍കുട്ടിയെ വിരൂപയെന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്ന പാഠപുസ്തകങ്ങള്‍ ഇനിയും നമ്മുടെ കുട്ടികള്‍ പഠിക്കാന്‍ പാടില്ല. ഇത്തരം വിചിത്രമായ ചിത്രങ്ങള്‍ അച്ചടിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് അനുമതി നല്‍കുന്നുവെന്നതാണ് വിരോധാഭാസം. വിദ്യാര്‍ഥിക്ക് തെറ്റായ സന്ദേശം നല്‍കുന്ന ഇത്തരം ചിത്രങ്ങള്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തുന്നത് ആദ്യ സംഭവമൊന്നുമല്ല. എന്നാല്‍ ഇളംമനസില്‍ പതിയുന്ന ഇത്തരത്തിലുള്ള നിറത്തിന്റെ രാഷ്ട്രീയം ജീവിതത്തിലും പ്രാവര്‍ത്തികമാക്കാന്‍ ഇവര്‍ മുതിര്‍ന്നുകഴിഞ്ഞു ശ്രമിക്കുമ്പോഴാണ് വര്‍ണ, ജാതി കോമരങ്ങള്‍ ഉറഞ്ഞുതുള്ളാന്‍ തുടങ്ങുക. നിറത്തിന്റെ പേരില്‍ വിവേചനം പാടില്ലെന്ന് പഠിപ്പിക്കുന്നതിലാണ് കാര്യം. ഇതേസമയം, ഉപഭോക്തൃസമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്ന പരസ്യങ്ങളും കുറവല്ല. കറുത്തവര്‍ക്ക് സൌന്ദര്യമില്ലെന്ന് സ്ഥാപിക്കുകയും അവരുടെ ഉള്ളില്‍ അപകര്‍ഷതാബോധം കുത്തിവെക്കുകയും ചെയ്യുന്ന ഫെയര്‍നെസ് ക്രീം, സൌന്ദര്യ വര്‍ധക വസ്തുക്കളുടെ പരസ്യങ്ങളും പറഞ്ഞുവെക്കുന്നത് നിറത്തിന്റെ വാണിജ്യ രാഷ്ട്രീയം തന്നെയാണ്. നാളത്തെ പൌരന്‍മാരുടെ ഇളംമനസില്‍ പതിക്കുന്ന ഇത്തരം തെറ്റായ സന്ദേശങ്ങളുടെ സ്വാധീനം എല്ലായിപ്പോഴും നിലനില്‍ക്കുമെന്നതാണ് ഭീതിജനകം.

Similar Posts