ബിജെപി ഇന്ത്യ വിടുക; മമത ക്യാംപെയിന്‍ തുടങ്ങി
|2019ലെ തെരഞ്ഞെടുപ്പോടെ ബിജെപിയെ പുറത്താക്കി രാജ്യത്തെ രക്ഷിക്കാനാണ് മമതയുടെ ആഹ്വാനം.
ക്വിറ്റ് ഇന്ത്യ വാര്‍ഷികദിനത്തില്‍ ബിജെപി ഇന്ത്യ വിടുക എന്ന മുദ്രാവാക്യവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മിഡ്നാപൂരില്‍ നടന്ന പൊതുപരിപാടിയിലാണ് ബിജെപി ക്വിറ്റ് ഇന്ത്യ ക്യാംപെയിന്‍ മമത തുടങ്ങിയത്. 2019ലെ തെരഞ്ഞെടുപ്പോടെ ബിജെപിയെ പുറത്താക്കി രാജ്യത്തെ രക്ഷിക്കാനാണ് മമതയുടെ ആഹ്വാനം.
രാജ്യത്തിന്‍റെ മതേതരത്വം ഭീഷണി നേരിടുകയാണ്. ജനാധിപത്യ ധ്വംസനവും മനുഷ്യാവകാശ ലംഘനവുമാണ് മോദി സര്‍ക്കാര്‍ നടത്തുന്നത്. രാജ്യത്തെ ഭിന്നിപ്പിക്കാനാണ് ശ്രമം. വെറുപ്പിന്‍റെയും വര്‍ഗീയതയുടെയും ഭരണത്തിന് അറുതി വരണം. അതുകൊണ്ട് 2019ല്‍ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിപക്ഷ പാര്‍ട്ടികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും മമത വ്യക്തമാക്കി.
എതിര്‍ക്കുന്നവരെ സിബിഐ, ആദായ നികുതി വകുപ്പ് തുടങ്ങിയ ഏജന്‍സികളെ ഉപയോഗിച്ച് നേരിടുക എന്നതാണ് ബിജെപി സര്‍ക്കാരിന്‍റെ നയം. സമൂഹത്തിലെ അധസ്ഥിതര്‍ക്കായി ബിജെപി സര്‍ക്കാര്‍ മുതലക്കണ്ണീര്‍ ഒഴുക്കുകയാണ്. ആദിവാസികളെയും സമൂഹത്തിലെ താഴേക്കിടയിലുള്ളവരെയും മര്‍ദ്ദിച്ചുകൊല്ലുന്നതാണ് ബിജെപിയുടെ നയമെന്നും മമത വിമര്‍ശിച്ചു.
ബിജെപി രഹിത ഇന്ത്യ എന്ന ക്യാംപെയിനുമായി ഡൽഹി സന്ദർശിക്കാനൊരുങ്ങുകയാണ് മമത. ആഗസ്ത് 27ന് ലാലു പ്രസാദ് യാദവ് പാട്നയില്‍ സംഘടിപ്പിക്കുന്ന ബിജെപി വിരുദ്ധ റാലിയിലും പങ്കെടുക്കും.