ചരക്ക് സേവന നികുതിയില്‍ തര്‍ക്കം: ജിഎസ്‍ടി കൌണ്‍സില്‍ യോഗം ഇന്ന്
|നിലവിലുള്ള തര്‍ക്കങ്ങള്‍ക്ക് പുറമെ കേന്ദ്രം പുതിയ ആവശ്യങ്ങള്‍ കൂടി മുന്നോട്ട് വെക്കുന്നതാണ് പ്രശ്നപരിഹാരം നീണ്ടുപോകുന്നതിന് കാരണമെന്നാണ് സംസ്ഥാനങ്ങളുടെ വാദം
ചരക്ക് സേവന നികുതിയിലെ തര്‍ക്ക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജിഎസ്ടി കൌണ്‍സില്‍ യോഗം ഇന്നും നാളെയുമായി ചേരും. നിലവിലുള്ള തര്‍ക്കങ്ങള്‍ക്ക് പുറമെ കേന്ദ്രം പുതിയ ആവശ്യങ്ങള്‍ കൂടി മുന്നോട്ട് വെക്കുന്നതാണ് പ്രശ്നപരിഹാരം നീണ്ടുപോകുന്നതിന് കാരണമെന്നാണ് സംസ്ഥാനങ്ങളുടെ വാദം. അഭിപ്രായ ഭിന്നത തുടരുമ്പോഴും അടുത്ത ഏപ്രിൽ ഒന്നിനും സെപ്റ്റംബർ 16നുമിടെ ജിഎസ്ടി നടപ്പിലാക്കാനാവുമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കേന്ദ്രം. ഇത്തവണത്തെ യോഗത്തില്‍ ധനമന്ത്രി തോമസ് ഐസക്കിന് പങ്കെടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥാണ് പങ്കെടുക്കുക.
ഒന്നരക്കോടി രൂപയിൽ താഴെ വിറ്റുവരവുള്ള സ്ഥാപനങ്ങളുടെ നികുതി പിരിവിന്റെ കാര്യത്തിൽ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള തർക്കമാണ് മുഖ്യം. ഭൂമിയിടപാടിനും സമുദ്ര വാണിജ്യത്തിനും ജിഎസ്ടി ബാധകമാക്കുന്നതിന് കേന്ദ്രം പുതിയ വ്യവസ്ഥകൾ കൂട്ടിച്ചേർത്തതും വിവാദമായി നിലനില്‍ക്കുന്നു.
ജിഎസ്ടി കരട് ബില്ലിനെക്കുറിച്ചുള്ള ചർച്ചയിലും അഭിപ്രായ ഭിന്നതയുണ്ട്. ഇക്കാര്യങ്ങളെല്ലാം കൌണ്‍സില്‍ വിശദമായി ചര്‍ച്ച ചെയ്യും.
നോട്ട് അസാധുവാക്കല്‍ കൂടി വന്നതോടെ സംസ്ഥാനങ്ങളുമായുള്ള ബന്ധം തകര്‍ന്നത് ചര്‍ച്ച ദുഷ്കരമാക്കും. തര്‍ക്ക വിഷയങ്ങള്‍ നിലനില്‍ക്കുമ്പോഴും അടുത്ത ഏപ്രിൽ ഒന്നിനും സെപ്തംബർ 16നുമിടെ ജിഎസ്ടി നടപ്പാക്കാനാവുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രം.
ഭരണഘടനാ നിബന്ധനയനുസരിച്ചു ജിഎസ്ടി നടപ്പാക്കാനുള്ള സമയപരിധി സെപ്തംബർ 16ന് അവസാനിക്കും. ജിഎസ്ടി നടപ്പാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി നിലവിൽ വന്നത് കഴിഞ്ഞ സെപ്തംബർ 16നാണ്.