നോട്ട് അസാധുവാക്കലിന് ശേഷം ബി.എസ്.പിയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചത് 104 കോടി രൂപ
|നോട്ട് അസാധുവാക്കിയ ശേഷം പഴയ 500 ന്റെയും 1000 ന്റെയും നോട്ടുകളായാണ് ഇവ നിക്ഷേപിച്ചിരിക്കുന്നത്
നോട്ട് അസാധുവാക്കലിന് ശേഷം ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചത് 104 കോടി രൂപ. പാര്‍ട്ടി അധ്യക്ഷയായ മായാവതിയുടെ സഹോദരന്റെ അക്കൗണ്ടില്‍ 1.43 കോടി രൂപയും നിക്ഷേപിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയുടെ കരോള്‍ ബാഗ് ശാഖയിലാണ് ബി.എസ്.പിയുടെ വന്‍ തോതിലുള്ള നിക്ഷേപം കണ്ടെത്തിയത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പതിവ് പരിശോധനയിലാണ് വന്‍ നിക്ഷേപം ശ്രദ്ധയില്‍പെട്ടത്. ഇ.ഡി വകുപ്പ് ഈ അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയും കൂടുതല്‍ അന്വേഷണം നടത്തുകയുമാണ്.
നോട്ട് അസാധുവാക്കിയ ശേഷം പഴയ 500 ന്റെയും 1000 ന്റെയും നോട്ടുകളായാണ് ഇവ നിക്ഷേപിച്ചിരിക്കുന്നത്. ഇതില്‍ 101 കോടി രൂപയും 1000 ത്തിന്റെ നോട്ടുകളായാണ് നിക്ഷേപിച്ചത്. മൂന്നു കോടി രൂപ 500 ന്റെ നോട്ടുകളും. 18.98 ലക്ഷം രൂപയുടെ പഴയ നോട്ടുകള്‍ കുമാറിന്റെ അക്കൗണ്ടിലും കണ്ടെത്തി. 15 മുതല്‍ 17 കോടി രൂപ വീതം പല ദിവസങ്ങളിലായി നിക്ഷേപിക്കുകയായിരുന്നു. അക്കൗണ്ടുകളുമായി ബന്ധപ്പെട്ട കെ.വൈ.സി രേഖകളും സി.സി.ടി.വി ദൃശ്യങ്ങളും നല്കാന് ബാങ്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.