24 മണിക്കൂറിനുള്ളില്‍ എഫ്.ഐ.ആര് വെബ്സൈറ്റില്‍ ഇടണമെന്ന് സുപ്രീംകോടതി
|യൂത്ത് ലോയേര്‍സ് അസോസിയേഷന് സമര്‍പ്പിച്ച പൊതുതാല്പര്യ ഹരജി പരിഗണിച്ച് കൊണ്ട് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് സംസ്ഥാന സര്‍ക്കാരുകള്‍ക്കും, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയത്.
രജിസ്റ്റര്‍ ചെയ്ത് 24 മണിക്കൂറിനകം എഫ്.ഐ.ആറുകളുടെ പകര്‍പ്പ് വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യണമെന്ന് സുപ്രിം കോടതി. ഇതു സംബന്ധിച്ച നിര്‍ദേശം സംസ്ഥാന സര്‍ക്കാരുകള്‍ക്കും, കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും സുപ്രിം കോടതി നല്കി. യൂത്ത് ലോയേര്‍സ് അസോസിയേഷന് നല്കിയ പൊതുതാല്പര്യ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്. അതേസമയം സായുധ കലാപം, കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അതിക്രമങ്ങള്‍ പോലുള്ള കേസുകളില്‍ ഇളവുകള്‍ ആകാമെന്നും കോടതി പറഞ്ഞു.
യൂത്ത് ലോയേര്‍സ് അസോസിയേഷന് സമര്‍പ്പിച്ച പൊതുതാല്പര്യ ഹരജി പരിഗണിച്ച് കൊണ്ട് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് സംസ്ഥാന സര്‍ക്കാരുകള്‍ക്കും, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയത്. ഒരു കേസില്‍ പൊലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞാല്‍, 24 മണിക്കൂറിനകം അതിന്റെ പകര്‍പ്പ് സംസ്ഥാനത്തെയും,കേന്ദ്ര ഭരണപ്രദേശങ്ങളിലെയും സര്‍ക്കാരുകളുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണം. നാല്പത്തിയെട്ട് മണിക്കൂര്‍
വരെ സമയം നല്‍കണമെന്ന വാദം തള്ളിക്കൊണ്ടാണ് 24 മണിക്കൂറിനകം തന്നെ എഫ്ഐആര്‍ വെബ്സൈറ്റിലിടണമെന്ന് കോടതി പറഞ്ഞത്. അതേസമയം ഇന്റര്‍നെറ്റ് സൌകര്യങ്ങള്ക്കാവശ്യമായ കണക്ടിവിറ്റി കുറവായ പ്രദേശങ്ങളില്‍ 72 മണിക്കൂര്‍ വരെ താമസം ആകാമെന്നും കോടതി പറഞ്ഞു. രാജ്യസുരക്ഷയെ ബാധിക്കുന്ന സായുധ കലാപങ്ങള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തുടങ്ങിയ അതീവ പ്രധാന്യമുള്ള കേസുകളിലെ എഫ്ഐആറുകള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതിന് ഇളവു നല്‍കുന്നുവെന്നും കോടതി പറഞ്ഞു. എഫ്ഐആറുകള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചില്ലെങ്കിലും, പ്രതികള്‍ക്ക് ആ കാരണം പറഞ്ഞ് കോടതികളില്‍ ആനുകൂല്യം ആവശ്യപ്പെടാന്‍ അവകാശമില്ലെന്നും കോടതി വ്യക്തമാക്കി.