നജീബിനെ കണ്ടെത്തണം: പ്രതിഷേധം ശക്തമാക്കി ജെഎന്‍യു വിദ്യാര്‍ത്ഥികള്‍
|ജന്ദര്‍മന്തറില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ ഡല്‍ഹിയിലെ വിവിധ സര്‍വകലാശാലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും നജീബിന്റെ മാതാവും പങ്കെടുത്തു.
ജെഎന്‍യു വിദ്യാര്‍ത്ഥി നജീബ് അഹമ്മദിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി വിദ്യാര്‍ത്ഥികള്‍. ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്റെ നേതൃത്വത്തില്‍ ജന്ദര്‍മന്തറില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ ഡല്‍ഹിയിലെ വിവിധ സര്‍വകലാശാലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും നജീബിന്റെ മാതാവും പങ്കെടുത്തു.
ഹോസ്റ്റല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് എബിവിപി പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ നജീബിനെ ഈ മാസം 15 മുതലാണ് കാണാതായത്. ജെഎന്‍യു അഡ്മിനിസ്ട്രേഷന്‍ ബ്ലോക്ക് തടഞ്ഞും വിസിയെ ഖരാവോ ചെയ്തുമുള്ള പ്രതിഷേധ പരിപാടി കാമ്പസിന് പുറത്തേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഡല്‍ഹി മണ്ടി ഹൌസില്‍ നിന്നും ജന്ദര്‍മന്തറിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്.
സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കണം, കുറ്റക്കാര്‍ക്കെതിരെ സര്‍വകലാശാല അധികൃതര്‍ നടപടിയെടുക്കണം തുടങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തു. വിവിധ വിദ്യാര്‍ത്ഥി സംഘടകളുടെ നേതൃത്വത്തില്‍ നിലവിലെ സാഹചര്യം ചൂണ്ടിക്കാട്ടി രാഷ്ട്രപതിയടക്കമുള്ളവര്‍ക്ക് കത്തയക്കാനും തീരുമാനിച്ചിട്ടുണ്ട്.