India
ആരാണ് പളനിസ്വാമി?ആരാണ് പളനിസ്വാമി?
India

ആരാണ് പളനിസ്വാമി?

Damodaran
|
27 April 2018 12:49 PM GMT

ശശികല നടരാജന്‍ നടത്തിയ സുപ്രധാന നീക്കങ്ങളിലൊന്നായിരുന്നു എടപ്പടി പളനിസ്വാമിയെ പാര്‍ട്ടിയുടെ പുതിയ നിയമസഭകക്ഷി നേതാവായി അവരോധിച്ചത്. മൂന്നര വര്‍ഷത്തിലേറെ ജയില്‍ വാസം ഉറപ്പായതോടെ വിശ്വസ്തനെ നിര്‍ണായക

അനധികൃത സ്വത്ത് സമ്പാദന കേസില്‍ പ്രതികൂല വിധി വന്നതോടെ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല നടരാജന്‍ നടത്തിയ സുപ്രധാന നീക്കങ്ങളിലൊന്നായിരുന്നു എടപ്പടി പളനിസ്വാമിയെ പാര്‍ട്ടിയുടെ പുതിയ നിയമസഭകക്ഷി നേതാവായി അവരോധിച്ചത്. മൂന്നര വര്‍ഷത്തിലേറെ ജയില്‍ വാസം ഉറപ്പായതോടെ വിശ്വസ്തനെ നിര്‍ണായക ചുമതല ഏല്‍പ്പിക്കുകയായിരുന്നു ശശികല - കാലങ്ങളായി ജയലളിത സഞ്ചരിച്ച അതേവഴി .

ജയലളിതയുടെ കാലത്ത് തന്നെ അമ്മയുടെയും ചിന്നമ്മയുടെയും വിശ്വസ്തനായിരുന്നു പളനിസ്വാമി. ഭരണത്തിന്‍റെ താക്കോല്‍ കൈമാറേണ്ട ഘട്ടങ്ങളിലെല്ലാം ജയ തെരഞ്ഞെടുത്തത് പനീര്‍ശെല്‍വത്തെയായിരുന്നെങ്കിലും ശശികലയുടെ ഗുഡ്ബുക്കില്‍ എന്നും പനീര്‍ശെല്‍വത്തെക്കാള്‍ മുന്നിലായിരുന്നു പളനിസ്വാമി. ജയയുടെ മരണത്തെ തുടര്‍ന്ന് പുതിയ നിയമസഭകക്ഷി നേതാവിനെ തെരഞ്ഞെടുക്കുന്നതിനായി എംഎല്‍എമാരില്‍ നിന്നും ഒപ്പ് ശേഖരണം നടന്നപ്പോള്‍ തന്നെ പനീര്‍ശെല്‍വത്തിന് പുറമെ പളനിസ്വാമി, ശശികല എന്നിവര്‍ക്കും പിന്തുണ നല്‍കുന്ന പ്രമേയം ഒപ്പിട്ട് വാങ്ങിയിരുന്നുവെന്നാണ് സൂചന. അമ്മയുടെ എക്കാലത്തെയും വിശ്വസ്തനായ പനീര്‍ശെല്‍വത്തെ ഒഴിവാക്കുന്നത് വിവാദങ്ങള്‍ക്കും സംശയങ്ങള്‍ക്കും വഴിവയ്ക്കുമെന്ന ഭീതിയാണ് പളനിസ്വാമിയെ അവരോധിക്കുന്നതില്‍ നിന്നും അന്ന് ശശികലയെ പിന്തിരിപ്പിച്ചത്.

ശശികലക്കെതിരെ പനീര്‍ശെല്‍വം കരുനീക്കങ്ങള്‍ ആരംഭിച്ച സമയം മുതല്‍ ഇതിനെ പ്രതിരോധിക്കാന്‍ പളനിസ്വാമി മുന്നിലുണ്ടായിരുന്നു. എംഎല്‍എമാരുടെ പിന്തുണ ശശികലക്കാണെന്ന് ഉറപ്പിച്ചത് പളനിസ്വാമി ആദ്യ ഘട്ടം തന്നെ നടത്തിയ ഈ നീക്കങ്ങളാണ്. ഒടുവില്‍ ശശികലക്ക് പിന്തുണ നല്‍കുന്ന എംഎല്‍എമാരെ റിസോട്ടിലേക്ക് മാറ്റുന്നതിന് മുന്നോടിയായി ഇവര്‍ ഒത്തുകൂടിയതും പളനിസ്വാമിയുടെ വീട്ടിലായിരുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.

സേലം ജില്ലയിലെ കൊങ്കു മേഖലയില്‍ നിന്നുള്ള പളനിസ്വാമി ഇത് മൂന്നാം തവണയാണ് എംഎല്‍എയാകുന്നത്. വിദ്യാര്‍ഥി നേതാവായി രാഷ്ട്രീയ ജീവിതം തുടങ്ങിയ പളനിസ്വാമി പാര്‍ട്ടിയും ഭരണത്തിലുമായി പല പ്രധാന സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ജാതിസമവാക്യങ്ങള്‍ നിര്‍ണായകമായ തമിഴ് രാഷ്ട്രീയത്തില്‍ കൌണ്ടര്‍ സമുദായക്കാരനായ പളനിസ്വാമിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തുന്നത് ഒരു തരത്തില്‍ ശശികലയുടെ സമര്‍ഥമായ ഒരു കരുനീക്കം കൂടിയാണ്. പ്രബലമായ തേവര്‍ സമുദായംഗമായ ശശികല പാര്‍ട്ടിയുടെ ഉന്നതസ്ഥാനത്തിരിക്കുമ്പോള്‍ മറ്റൊരു തേവരായ പനീര്‍ശെല്‍വം ഭരണതലപ്പത്തുള്ളത് സൃഷ്ടിച്ചിരുന്ന അസ്വസ്ഥതകള്‍ക്ക് കടിഞ്ഞാണിടാന്‍ ഇതോടെ കഴിയും.

Similar Posts