മണിപ്പൂര്‍ തെരഞ്ഞെടുപ്പ്: നാഗാ ഉടമ്പടി മുഖ്യ പ്രചാരണ വിഷയം
|കരാര്‍ മണിപ്പൂരിന്റെ ഭൂമിശാസ്ത്രപരമായ അഖണ്ഡതക്ക് ഭീഷണിയാണെന്നാണ് ഭരണ കക്ഷിയായ കോണ്‍ഗ്രസിന്റെ വിമര്‍ശം
മണിപ്പൂരില്‍ നാഗാ വിമതരുമായി കേന്ദ്രസര്‍ക്കാര്‍ ഒപ്പിട്ട കരാര്‍ മുഖ്യ തെരഞ്ഞെടുപ്പ് വിഷയമായി മാറുന്നു. കരാര്‍ മണിപ്പൂരിന്റെ ഭൂമിശാസ്ത്രപരമായ അഖണ്ഡതക്ക് ഭീഷണിയാണെന്നാണ് ഭരണ കക്ഷിയായ കോണ്‍ഗ്രസിന്റെ വിമര്‍ശം. ഇതിന് മറുപടി പറയാനാകാതെ വിയര്‍ക്കുകയാണ് ബിജെപി. കരാര്‍ സംബന്ധിച്ച് കോണ്‍ഗ്രസ് കള്ളം പ്രചരിപ്പിക്കുകയാണെന്നാണ് ബിജെപിയുടെ ആരോപണം.
2015 ആഗസ്തിലാണ്, മണിപ്പൂരിലെ പ്രധാന നാഗ സായുധ ഗ്രൂപ്പായ എന്എസ്സിഎയുമായി കേന്ദ്ര സര്‍ക്കാര്‍ സമാധാന ഉടമ്പടിയില്‍ ഒപ്പിട്ടത്. ഉടമ്പടിയിലെ വിവരങ്ങള്‍ ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ വെളിപ്പെടുത്തുകയോ, ഇതു സംബന്ധിച്ച് മണിപ്പൂര്‍ സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച നടത്തുകയോ ചെയ്തിട്ടില്ല. മണിപ്പൂര്‍ ഉള്‍പ്പെടേയുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ നാഗാ ഭൂരിപക്ഷ മേഖല ചേര്‍ത്ത് വിശാല നാഗ സ്വയം ഭരണ പ്രദേശം രൂപീകരിക്കുമെന്ന വ്യവസ്ഥ കരാറിലുണ്ടെന്നാണ് വിവരം. ഇത് മണിപ്പൂരിന്റെ സംസ്കാരികവും, ഭൂമിശാസ്ത്രപരവുമായ അഖണ്ഡതക്ക് മേലുള്ള കടന്ന് കയറ്റമാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. കഴിഞ്ഞ ദിവസം മണിപ്പൂരിലെത്തിയ രാഹുല്‍ ഗാന്ധി വിഷയം ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ചു.
കരാര്‍ മുഖ്യ തെരഞ്ഞെടുപ്പ് വിഷയമാക്കുന്നതില്‍ കോണ്‍ഗ്രസ് വിജയിച്ചതോടെ, ഇതിന് മറുപടി പറയുന്നതില്‍ മാത്രം ഒതുങ്ങുകയാണ് ബിജെപിയുടെ പ്രചാരണ യോഗങ്ങള്‍. മാര്‍ച്ച് നാല്, എട്ട് തിയ്യതികളിലായാണ് മണിപ്പൂരിലെ 60 മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.