മായാവതിക്കെതിരെ എഫ്ഐആര്‍
|ബിഎസ്പി ദേശീയ അധ്യക്ഷ മായാവതിക്കെതിരെ മോശം പരാമര്‍ശം നടത്തിയതിന് ബിജെപിയില്‍ നിന്ന് പുറത്താക്കപ്പെട്ട ദയാ മിശ്ര സിങിന്റെ കുടുംബം നല്‍കിയ പരാതിയില്‍ മായാവതിക്കും ബിഎസ്പി നേതാക്കള്‍ക്കുമെതിരെ എഫ്ഐആര്‍.
ബിഎസ്പി ദേശീയ അധ്യക്ഷ മായാവതിക്കെതിരെ മോശം പരാമര്‍ശം നടത്തിയതിന് ബിജെപിയില്‍ നിന്ന് പുറത്താക്കപ്പെട്ട ദയാശങ്കര്‍ സിങിന്റെ കുടുംബം നല്‍കിയ പരാതിയില്‍ മായാവതിക്കും ബിഎസ്പി നേതാക്കള്‍ക്കുമെതിരെ എഫ്ഐആര്‍. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ ദയാശങ്കറിന്റെ കുടംബത്തിനെതിരെ മോശം പദങ്ങള്‍ ഉപയോഗിച്ച് ബിഎസ്പി പ്രവര്‍ത്തകരും നേതാക്കളും സംസാരിച്ചു എന്നാരോപിച്ചാണ് പരാതി.
ബിജെപി ഉത്തര്‍പ്രദേശ് ഘടകം വൈസ് പ്രസിഡന്റായിരുന്ന ദയാശങ്കര്‍ സിങ് ബിഎസ്പി നേതാവ് മായാവതിയെ വേശ്യയോടുപമിച്ചതിനെതിരെ ഉത്തര്‍പ്രദേശിലും രാജ്യത്തെ വിവിധിയിടങ്ങളിലും ബിഎസ്പി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു. ഇതില്‍ ഉത്തര്‍പ്രദേശിലെ ലക്നൌവില്‍ നടന്ന പ്രകടനങ്ങളിലും ദയാശങ്കറിന്റെ കുടുംബത്തെ മോശമായി ചിത്രീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടായി എന്നാണ് പരാതി. പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ ബാനറുകളിലും, പ്രകടനങ്ങളിലും, നേതാക്കളുടെ പ്രസംഗങ്ങളിലും കുടുംബത്തെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ ഉള്ളതായി ദയാശങ്കറിന്റെ ഭാര്യ സ്വാതി ആരോപിച്ചു. സ്വാതി നല്‍കിയ പരാതിയില്‍ മായാവതിക്കെതിരെയും, പ്രകടനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത നേതാക്കള്‍ക്കെതിരെയും ലക്നൌ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മായാവതിക്കെതിരെ മോശം പരാമര്‍ശം നടത്തിയതിന് ദയാശങ്കറിനെതിരെ എസ്എസ്ടി ആട്രോസിറ്റീസ് ആക്ട് പ്രകാരം നേരത്തെ കേസെടുത്തിരുന്നു. കേസില്‍ അറസ്റ്റ് ഭയന്ന് ദയാശങ്കര്‍ ഇപ്പോള്‍ ഒളിവിലാണ്.