ടാന്‍സാനിയന്‍ യുവതിക്കെതിരായ അക്രമം വംശീയ അധിക്ഷേപമല്ല: കര്‍ണാടക ആഭ്യന്തര മന്ത്രി
|ഒരു അപകടത്തിനോടുണ്ടായ ജനങ്ങളുടെ പ്രതികരണം മാത്രമായിരുന്നു അത്. യുവതിയെ ജനക്കൂട്ടം നഗ്നയാക്കി നടത്തിയിട്ടില്ലെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
ബംഗളൂരുവില്‍ ടാന്‍സാനിയന്‍ യുവതിയെ ആക്രമിച്ചത് വംശീയ അധിക്ഷേപമായി കാണാനാകില്ലെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര. ഒരു അപകടത്തിനോടുണ്ടായ ജനങ്ങളുടെ പ്രതികരണം മാത്രമായിരുന്നു അത്. യുവതിയെ ജനക്കൂട്ടം നഗ്നയാക്കി നടത്തിയിട്ടില്ലെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. വിശദമായ അന്വേഷണത്തിനായി കേസ് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിന് കൈമാറുമെന്ന് മന്ത്രി അറിയിച്ചു. സംഭവത്തില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബംഗളൂരുവിലെ ഹസാര്ഘട്ടയില് ഞായറാഴ്ചയാണ് ആള്‍ക്കൂട്ടം യുവതിയെ നഗ്നയാക്കി മര്‍ദിക്കുകയും റോഡിലൂടെ നടത്തിക്കുകയും ചെയ്തത്. യുവതി സഞ്ചരിച്ചിരുന്ന കാര്‍ അക്രമി സംഘം കത്തിച്ചു. ബംഗളൂരു ആചാര്യ കോളജിലെ രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ഥിനിയാണ് ആക്രമിക്കപ്പെട്ടത്.
ഞായറാഴ്ച ഇവരുടെ കാര്‍ ഇടിച്ച് ഹസാര്‍ഘട്ട സ്വദേശിനിയായ 35കാരി മരിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. എന്നാല്‍ അപകടമുണ്ടാക്കിയ കാര്‍ യുവതിയുടേതായിരുന്നില്ല. അപകടം നടന്ന് അര മണിക്കൂറിന് ശേഷമായിരുന്നു യുവതിയുടെ കാര്‍ പ്രദേശത്ത് എത്തിയത്. അപകടവുമായി ഇവര്‍ക്ക് ഒരു ബന്ധവും ഉണ്ടായിരുന്നില്ല. സുഡാന് പൗരന് സഞ്ചരിച്ച കാറാണ് അപകടമുണ്ടാക്കിയത്. എന്നാല്‍ ഇവരുടെ ആഫ്രിക്കന്‍ ബന്ധം വംശീയാക്രമണത്തിലേക്ക് എത്തിയെന്നാണ് വിലയിരുത്തല്‍. എന്നാല്‍ അങ്ങനെയല്ലെന്നാണ് ആഭ്യന്തരമന്ത്രിയുടെ വിശദീകരണം.
നാല് സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ വരികയായിരുന്ന യുവതിയെ ആള്‍ക്കൂട്ടം തടയുകയും യുവതിയെ ബലമായി പുറത്തേക്ക് വലിച്ചിറക്കുകയും ചെയ്തു. തുടര്‍ന്ന് യുവതിയെ ബലമായി നഗ്നയാക്കി. ഇതിനിടെ നഗ്നത മറയ്ക്കാന്‍ യുവതിക്ക് ഷര്‍ട്ട് നല്കിയ ഒപ്പമുണ്ടായിരുന്ന യുവാവിനെയും അക്രമികള്‍ മര്‍ദിച്ചു. ഇതിനിടെ ബസില്‍ കയറി രക്ഷപ്പെടാന്‍ യുവതി ശ്രമിച്ചെങ്കിലും ബലമായി പിടിച്ചിറക്കി. അക്രമത്തിനിടെ ഇവരുടെ കാറിനും ആള്‍ക്കൂട്ടം തീയിട്ടു. പാസ്പോര്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ കത്തിനശിച്ചു. സംഭവത്തില്‍ കേസ് രാജിസ്ടര്‍ ചെയ്യാന്‍ പോലും പൊലീസ് ആദ്യം തയ്യാറായില്ല.