സുഷമ സ്വരാജ് പാര്‍ലമെന്റില്‍ കള്ളം പറഞ്ഞതായി ചൈനീസ് മാധ്യമം
|ദോക് ലാ സംഘർഷ വിഷയത്തില്‍ ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പാര്‍ലമെന്റില്‍ കള്ളം പറഞ്ഞതായി ചൈനീസ് മാധ്യമം. സിക്കിം അതിർത്തിയിലെ ഇന്ത്യ – ചൈന സംഘർഷത്തിൽ..
ദോക് ലാ സംഘർഷ വിഷയത്തില്‍ ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പാര്‍ലമെന്റില്‍ കള്ളം പറഞ്ഞതായി ചൈനീസ് മാധ്യമം. സിക്കിം അതിർത്തിയിലെ ഇന്ത്യ – ചൈന സംഘർഷത്തിൽ ലോകരാജ്യങ്ങൾ ഇന്ത്യക്കൊപ്പമാണെന്ന സുഷമ സ്വരാജിന്റെ പ്രസ്താവനയെയാണ് ചൈനീസ് മാധ്യമം ഗ്ലോബല്‍ ടൈംസ് വിവാദമാക്കിയിരിക്കുന്നത്. സുരക്ഷാ കാര്യങ്ങളിൽ ഇന്ത്യ ജാഗ്രത പുലർത്തുന്നതായും ഇരുരാജ്യങ്ങളും സൈനികരെ പിൻവലിച്ചു ചർച്ച നടത്തണമെന്നും സുഷമാ സ്വരാജ് പാര്‍ലമെന്റില്‍ പറയുകയുണ്ടായി.
എന്നാല്‍ ലോകരാജ്യങ്ങൾ ഇന്ത്യയ്ക്കൊപ്പമാണെന്ന് സുഷമ സ്വരാജ് പാര്‍ലമെന്റില്‍ കള്ളം പറഞ്ഞതായി ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ''എല്ലാ രാജ്യങ്ങളും ഇന്ത്യക്ക് പിന്തുണ നൽകുന്നുവെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് തന്റെ പാർലമെൻറില്‍ പ്രസ്താവന നടത്തി. സുരക്ഷാ സംരക്ഷണത്തില്‍ ഇന്ത്യ ജാഗ്രത പുലര്‍ത്തുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അവര്‍ പാര്‍ലമെന്റില്‍ നുണ പറയുകയാണ് ചെയ്തത്.'' ഗ്ലോബല്‍ ടൈംസ് എഡിറ്റോറിയലില്‍ പറയുന്നു.
''ആദ്യമായി, ചൈനയുടെ അധീന പ്രദേശത്തേക്കുള്ള ഇന്ത്യയുടെ കടന്നുകയറ്റം വസ്തുതാപരമായി സത്യമാണ്. രണ്ടാമത്, ഇന്ത്യയുടെ സൈനിക ശക്തി ചൈനയേക്കാൾ പിറകിലാണ്.'' ചൈനീസ് മാധ്യമം കൂട്ടിച്ചേര്‍ത്തു. ''ന്യൂഡൽഹിയിലെ വീണ്ടുവിചാരമില്ലാത്ത പ്രവർത്തനങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തെ ആശ്ചര്യപ്പെടുത്തുന്നതാണ്. മറ്റൊരു രാജ്യവും ഇന്ത്യയുടെ അതിര്‍ത്തി ലംഘനത്തെ പിന്തുണക്കില്ല."
'ചൈന സമാധാനത്തെ പരിപോഷിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ സ്വന്തം പ്രദേശം നഷ്ടപ്പെടുത്തിക്കൊണ്ട് സമാധാനം നേടാന്‍ ചൈന ആഗ്രഹിക്കുന്നില്ല.' 1.4 ബില്യൻ വരുന്ന ചൈനീസ് ജനത ആ സമാധാനത്തെ അംഗീകരിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.