കനകദുര്‍ഗ ക്ഷേത്രത്തിലെ ലഡു പ്രസാദത്തില്‍ കീടങ്ങള്‍, 50,000 ലഡു നശിപ്പിച്ചു
|ഞായറാഴ്ചയാണ് സംഭവം
ആന്ധ്രാപ്രദേശ്,വിജയവാഡയിലെ പ്രശസ്തമായ കനകദുര്‍ഗ ക്ഷേത്രത്തില്‍ പ്രസാദമായി നല്‍കുന്ന ലഡുവില്‍ കീടങ്ങളെ കണ്ടെത്തി. വിശ്വാസികള്‍ രോഷാകുലരായതിനെ തുടര്‍ന്ന് ചീത്തയായ 50,000 ലഡു നശിപ്പിക്കുകയും പുതിയ ലഡു ഉണ്ടാക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
ഞായറാഴ്ചയാണ് സംഭവം. നവരാത്രിയോടനുബന്ധിച്ച് കൂടുതല്‍ ലഡു ഉണ്ടാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. പഴയൊരു കെട്ടിടത്തില്‍ വച്ചായിരുന്നു ലഡു നിര്‍മ്മാണം. ഫ്ലഡ് ലൈറ്റിന്റെ പ്രകാശം കണ്ട് പ്രാണികള്‍ ആകര്‍ഷിച്ചു വന്നതായിരിക്കാം ലഡു നാശമാകാന്‍ കാരണമെന്ന് ക്ഷേത്രം അധികൃതര്‍ പറഞ്ഞു. ഇതിനെത്തുടര്‍ന്ന് പുതിയ കെട്ടിടത്തില്‍ വച്ച് ലഡു ഉണ്ടാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് എക്സിക്യുട്ടീവ് ഓഫീസര്‍ എ.സൂര്യകുമാരി പറഞ്ഞു. നവരാത്രിയോടനുബന്ധിച്ച് കൂടുതല്‍ സ്റ്റാഫിനെ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല. ലഡുവില്‍ കീടങ്ങളെ കണ്ടെത്തിയ സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അവര്‍ അറിയിച്ചു. ഉത്സവ കാലത്ത് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ നിരുത്തരവാദിത്തപരമായ സമീപനം അംഗീകരിക്കാനാവില്ലെന്ന് വിശ്വാസിയായ സി.ശിവകുമാര്‍ പറഞ്ഞു.