അഹമ്മദാബാദില്‍ മോദിയും രാഹുലും റോഡ് ഷോ നടത്തേണ്ടെന്ന് കമ്മീഷണര്‍
|അഹമ്മദാബാദില്‍ നാളെ നടക്കാനിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും രാഹുല്‍ ഗാന്ധിയുടെയും റോഡ് ഷോക്ക് അനുമതി നിഷേധിച്ചു.
അഹമ്മദാബാദില്‍ നാളെ നടക്കാനിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും രാഹുല്‍ ഗാന്ധിയുടെയും റോഡ് ഷോക്ക് അനുമതി നിഷേധിച്ചു. സുരക്ഷാ കാരണങ്ങളും സാധാരണക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടും കണക്കാക്കിയാണ് പൊലീസ് കമ്മീഷണര്‍ എകെ സിങ് അനുമതി നിഷേധിച്ചത്.
റോഡ് ഷോ നടത്തുന്നത് സുരക്ഷാപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് പൊലീസ് ഇരുപാര്‍ട്ടികളേയും അറിയിച്ചു. റോഡ് ഷോയില്‍ ധാരാളം ആളുകള്‍ പങ്കെടുക്കുമെന്നതിനാല്‍ അത് സാധാരണക്കാരനും ബുദ്ധിമുട്ടുണ്ടാക്കും. ക്രമസമാധാനപ്രശ്നങ്ങള്‍ക്കും ഇത് കാരണമാകുമെന്നും അഹമ്മദാബാദ് പൊലീസ് കമ്മീഷണര്‍ എകെ സിങ് വ്യക്തമാക്കി.
നാളെയാണ് ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിന്റെ പ്രചാരണത്തിന് അന്ത്യമാകുന്നത്. 14 നാണ് സെന്‍ട്രല്‍, നോര്‍ത്ത് ഗുജറാത്ത് ജനവിധിയെഴുതുക. 93 സീറ്റുകളിലാണ് വോട്ടെടുപ്പ്. ആദ്യഘട്ടത്തില്‍ 89 മണ്ഡലങ്ങളിലേക്കായിരുന്നു വോട്ടെടുപ്പ് നടന്നത്. ആദ്യഘട്ടത്തില്‍ 66.74 ശതമാനം ആയിരുന്നു പോളിങ്. കഴിഞ്ഞ തവണത്തേതിലും കുറവാണ് പോളിങ് രേഖപ്പെടുത്തിയത്. അഹമ്മദാബാദിലെ റോഡ് ഷോക്ക് അനുമതി ലഭിച്ചില്ലെങ്കിലും മോദി ഇന്ന് മൂന്നു റാലികളെയും രാഹുല്‍ ഗാന്ധി നാല് റാലികളെയും അഭിസംബോധന ചെയ്യും.