മന്ത്രിമാരുടെ വകുപ്പ് വിഭജനം; ഗുജറാത്ത് ബിജെപിയില്‍ പൊട്ടിത്തെറി
|സുപ്രധാന വകുപ്പുകള്‍ നിഷേധിക്കപ്പെട്ടതോടെ രാജി ഭീഷണി മുഴക്കി ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ ദേശീയ നേതൃത്വത്തിന് കത്തെഴുതി
ഗുജറാത്തില്‍ മന്ത്രിമാരുടെ വകുപ്പ് വിഭജനത്തെ ചൊല്ലിയുള്ള ബിജെപിയിലെ പൊട്ടിത്തെറി രൂക്ഷമാകുന്നു. സുപ്രധാന വകുപ്പുകള്‍ നിഷേധിക്കപ്പെട്ടതോടെ രാജി ഭീഷണി മുഴക്കി ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ ദേശീയ നേതൃത്വത്തിന് കത്തെഴുതി. ഉപമുഖ്യമന്ത്രി എന്ന് നിലയില്‍ പ്രധാന വകുപ്പുകള്‍ ആവശ്യപ്പെടുന്നതില്‍ തെറ്റില്ലെന്നും നിതില്‍ പട്ടേല്‍ പറഞ്ഞു.
ഗുജറാത്തിലെ നിറം മങ്ങിയ വിജയത്തിന് ശേഷം ബിജെപിക്ക് പുതിയ തലവേദന തീര്‍ത്താണ് മന്ത്രിമാരുടെ വകുപ്പ് വിഭജനത്തെ ചൊല്ലിയുള്ള പോര് മുറുകുന്നത്. കഴിഞ്ഞ സര്‍ക്കാരില്‍ ഉപമുഖ്യന്ത്രിയായിരിക്കെ കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ ഇത്തവണ നിഷേധിക്കപ്പെട്ടതോടെയാണ് നിതിന്‍ പേട്ടല്‍ ഇടഞ്ഞത്. താന്‍ അപമാനിക്കപ്പെട്ടു എന്ന് വ്യക്തമാക്കി നിതിന്‍ പട്ടേല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ എന്നിവര്‍ക്ക് കത്തെഴുതി. ധനകാര്യം, നഗര വികസനം തുടങ്ങി യ സുപ്രധാന വകുപ്പുകള്‍ തിരികെ കിട്ടണം, ഇക്കാര്യത്തില്‍ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ രാജിവക്കുമെന്നും കത്തില്‍ സൂചിപ്പിച്ചതായി ബിജെപി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. വകുപ്പ് വിഭജനത്തില്‍ മുഖ്യമന്ത്രി വിജയ് രൂപാനിയോട് വിയോജിപ്പ് രേഖപ്പെടുത്തി ഇന്നലെ ഉപമുഖ്യമന്ത്രിയായി ചുമതലയേല്ക്കുന്നതില് നിന്ന് നിതിന്‍ വിട്ടുനിന്നിരുന്നു. ഉപ മുഖ്യമന്ത്രി എന്ന നിലയില്‍ പ്രധാന വകുപ്പുകള്‍ ആവശ്യപ്പെടുന്നതില്‍ തെറ്റില്ലെന്നാണ് അതൃപ്തിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളോട് നിതിന്‍ പട്ടേലില്‍ നിന്നുണ്ടായ പ്രതികരണം. പരാതികള്‍ ഉചിതമായ ഇടങ്ങളില്‍ ബോധിപ്പിച്ചിട്ടുണ്ടെന്നും കുടുതല്‍ വിശദാംശങ്ങള്‍ സമയമാകുമ്പോള്‍ പുറത്ത് വിടുമെന്നും നിതിന്‍ പട്ടേല്‍ പറഞ്ഞു.