ബലാത്സംഗം സമൂഹത്തിന്‍റെ ഭാഗം; സ്ത്രീകള്‍ കൊല്ലപ്പെടുമ്പോള്‍ ക്രൂര പരാമര്‍ശവുമായി ഹരിയാന പൊലീസ്
|ബലാത്സംഗവും ബലാത്സംഗത്തിന് ശേഷമുള്ള കൊലപാതകവും സംബന്ധിച്ച വാര്‍ത്തകള്‍ ഹരിയാനയെ ഞെട്ടിച്ച് ഓരോ ദിവസവും പുറത്തുവരുന്നതിനിടെ വിവാദ പ്രസ്താവനുമായി പൊലീസ്.
ബലാത്സംഗവും ബലാത്സംഗത്തിന് ശേഷമുള്ള കൊലപാതകവും സംബന്ധിച്ച വാര്‍ത്തകള്‍ ഹരിയാനയെ ഞെട്ടിച്ച് ഓരോ ദിവസവും പുറത്തുവരുന്നതിനിടെ വിവാദ പ്രസ്താവനുമായി പൊലീസ്. ബലാത്സംഗങ്ങള്‍ സമൂഹത്തിന്‍റെ ഭാഗമാണെന്നാണ് എഡിജിപി ആര്‍ സി മിശ്ര പറഞ്ഞത്. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്.
ബലാത്സംഗങ്ങള്‍ സമൂഹത്തിന്റെ ഭാഗമാണ്. ഇത്തരം സംഭവങ്ങള്‍ എല്ലാ കാലത്തും നടക്കുന്നുണ്ട്. പൊലീസിന്റെ ഉത്തരവാദിത്തമെന്നത് അന്വേഷിച്ച് ക്രിമിനലുകളെ പിടികൂടി കുറ്റകൃത്യം തെളിയിക്കുക എന്നതാണെന്ന് മിശ്ര പറഞ്ഞു.
നാല് ദിവസത്തിനിടെ മൂന്ന് കൂട്ട ബലാത്സംഗങ്ങളാണ് ഹരിയാനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രണ്ട് പേര്‍ കൊല്ലപ്പെടുകയും ചെയ്തു. ഹരിയാനയിലെ കുരുക്ഷേത്രയില്‍ ട്യൂഷന്‍ ക്ലാസില്‍ പോയ 15 വയസ്സുകാരിയെ കാണാതായ ശേഷം നടത്തിയ അന്വേഷണത്തിനൊടുവില്‍ പെണ്‍കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കൂട്ടബലാത്സംഗത്തിന് ശേഷം അക്രമികള്‍ പെണ്‍കുട്ടിയെ ഇഞ്ചിഞ്ചായി കൊല്ലുകയായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. പാനിപ്പത്തില്‍ 11കാരിയും ബലാത്സംഗത്തിന് ശേഷം കൊല്ലപ്പെട്ടു. ആ പെണ്‍കുട്ടി കൊല്ലപ്പെട്ട ശേഷവും ബലാത്സംഗത്തിന് ഇരയായി. ഫരിദാബാദില്‍ 22കാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത സംഭവവും റിപ്പോര്‍ട്ട് ചെയ്തത് ഒരാഴ്ചക്കുള്ളിലാണ്.