സച്ചിന്റെ മകളുടെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൌണ്ട്; ടെക്കി പിടിയില്‍
|സച്ചിന് ടെണ്ടുല്‍ക്കറുടെ മകള്‍ സാറയുടെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൌണ്ട് തുടങ്ങിയ എഞ്ചിനീയര്‍ അറസ്റ്റില്‍.
സച്ചിന് ടെണ്ടുല്‍ക്കറുടെ മകള്‍ സാറയുടെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൌണ്ട് തുടങ്ങിയ എഞ്ചിനീയര്‍ അറസ്റ്റില്‍. മുംബൈ അന്ധേരി സ്വദേശിയായ 39കാരനായ നിതിന്‍ ആത്മാറാം സിസോദാണ് അറസ്റ്റിലായത്.
സാറയുടെ പേരിലുള്ള ട്വിറ്റര്‍ അക്കൌണ്ടില്‍ എന്‍സിപി നേതാവ് ശരദ് പവാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ മോശം പരാമര്‍ശമുണ്ടായപ്പോള്‍ തന്നെ തന്റെ മകള്‍ ട്വിറ്ററിലെന്ന് സച്ചിന് വ്യക്തമാക്കിയിരുന്നു. സച്ചിന്റെ പിഎ നല്കിയ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ടെക്കി പിടിയിലായത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ട്വിറ്റര്‍ അക്കൌണ്ട് ഉണ്ടാക്കിയത്. ശരദ് പവാര്‍ മഹാരാഷ്ട്രയെ കൊള്ളയടിച്ചത് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ കേന്ദ്രത്തിലും അങ്ങനെ ചെയ്തിട്ടുണ്ടെന്ന് കുറച്ച് പേര്‍ക്കേ അറിയൂ എന്നായിരുന്നു ഒടുവിലത്തെ ട്വീറ്റ്.
നിതിന്റെ ലാപ്ടോപ്, രണ്ട് മൊബൈൽ ഫോൺ, കംപ്യൂട്ടർ ഉപകരണങ്ങൾ എന്നിവ പൊലീസ് പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ നിതിനെ റിമാന്‍ഡ് ചെയ്തു. വേറെ അഞ്ച് പ്രമുഖരുടെ പേരിലും നിതിന്‍ വ്യാജ അക്കൌണ്ട് ഉണ്ടാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സെലിബ്രിറ്റീസിന്റെ പേരില്‍ സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ തുടങ്ങി പണം സമ്പാദിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു.